Entertainment

കഥയും അല്‍പ്പം കാര്യവുമായി ‘ഒറ്റയ്‌ക്കൊരു കാമുകന്‍’

ഒറ്റയ്‌ക്കൊരു കാമുകന്‍ എന്ന സിനിമയുടെ ടൈറ്റില്‍, പടം കണ്ടിറങ്ങിയ ശേഷം ഈ ടോണിലാവില്ല പ്രേക്ഷകന്‍ പറയുക എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. പ്രണയവും തേപ്പും കൂടിച്ചേരലുമൊക്കെയായി ഒരു രണ്ടര മണിക്കൂര്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. സ്‌കൂള്‍ പ്രണയവും യൗവ്വന കാലത്തെ പ്രണയവും വൈകി വന്നൊരു പ്രണയവും സമന്വയിപ്പിച്ചുപോകുന്ന ചിത്രം എല്ലാ പ്രായത്തിലുളളവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോയാണ് പ്രധാന വേഷത്തിലെത്തുന്നതെങ്കിലും പോസ്റ്ററില്‍ കണ്ട താരങ്ങള്‍ക്കെല്ലാം സിനിമ തുല്യ പ്രാധാന്യം നല്‍കുന്നുണ്ട്. മുകളില്‍ പറഞ്ഞപ്രകാരം തികച്ചും വ്യത്യസ്തമായ മൂന്ന് പ്രണയകഥകള്‍ വന്നു പോകുന്നതാണ് സിനിമയെ രസകരമാക്കുന്നത്. വലിയ താരനിരയൊന്നുമില്ലാത്ത ചിത്രത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെ തിരഞ്ഞെടുത്ത് അനുയോജ്യമായ കഥാപാത്രങ്ങളായി അവതരിപ്പിച്ചിരിക്കുന്നതും സംവിധായകന്റെ മികവായി കാണാം.

വലിയ കഥയൊന്നും ഒറ്റയ്‌ക്കൊരു കാമുകന് പറയാനില്ലെങ്കിലും അങ്ങിങ്ങായി വന്നു പോകുന്ന നുറുങ്ങു തമാശകള്‍ക്കൊണ്ടും ചില ട്വിസ്റ്റുകള്‍ക്കൊണ്ടും സമ്പന്നമാണ് ചിത്രം. കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ ഷാലു റഹിം, മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ലിജോ മോള്‍ എന്നിവരുടെ കോംബോ ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ടീസറിലൂടെ തന്നെ ഇരുവരുടെയും പ്രണയരംഗങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. സിനിമയ്ക്കുളളിലെ ഇരുവരുടെയും പ്രണയത്തിനൊടുവില്‍ പ്രതീക്ഷിക്കാത്തൊരും ട്വിസ്റ്റും സംവിധായകന്‍ ഒളിപ്പിച്ചിട്ടുണ്ട്.

കോമഡി റിയാലിറ്റി ഷോയിലൂടെ വന്ന് ശ്രദ്ധേയനായ, ഡിഡി എന്ന് വിളിപ്പേരുളള ഡെയ്ന്‍ ഡേവിസിന്റെ കഥാപാത്രവും സിനിമയെ കൂടുതല്‍ രസകരമാക്കുന്നു. ഷാലുവിന്റെ കുരുത്തംകെട്ട കൂട്ടുകാരന്റെ റോള്‍ ഡെയ്ന്‍ ഭംഗിയായി തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദൃശ്യം സിനിമയില്‍ ലാലേട്ടനെ നിര്‍ദാക്ഷണ്യം മര്‍ദിക്കുന്ന ഷാജോണിന്റെ പോലീസ് കഥാപാത്രത്തെ വെറുത്തവര്‍ക്ക് അതിലും കൂടിയൊരു ഷോക്ക് ട്രീറ്റ്‌മെന്റാണ് ചിത്രത്തിലുളളത്. പക്ഷെ ഒരു കഥാപാത്രത്തെയും അണ്ടറെസ്റ്റിമേറ്റ് ചെയ്യേണ്ടെന്നും പ്രത്യേകം ഓര്‍മിപ്പിക്കുന്നു. ഏറെ നാളുകള്‍ക്കു ശേഷം മികച്ചൊരു വേഷത്തിലെത്തുന്ന അഭിരാമിയുടെ കഥാപാത്രവും മനോഹരമാണ്. ജോജു ജോര്‍ജ്, ടോഷ് ക്രിസ്റ്റി, ഭഗത് തുടങ്ങി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളും ചിത്രത്തില്‍ വന്നു പോകുന്നുണ്ട്.

ഒരു കഥയ്ക്കുളളിലെ മൂന്ന് വ്യത്യസ്ത കഥകള്‍ പറയുന്ന ചിത്രം ഇടയ്ക്ക് വിരസമായി തോന്നാമെങ്കിലും മാറി വരുന്ന രംഗങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന ട്വിസ്റ്റും തമാശകളും വീണ്ടും പഴയ മൂഡിലേക്ക് കൊണ്ടുവരുവാന്‍ പ്രാപ്തമാണ്. വലിയ പ്രതീക്ഷകള്‍ നല്‍കാതെ രണ്ടര മണിക്കൂര്‍ ആസ്വാദനം മാത്രം ലക്ഷ്യമിട്ട് തീയേറ്ററില്‍ പോയിക്കാണാവുന്ന ചിത്രമായി ‘ഒറ്റയ്‌ക്കൊരു കാമുകനെ വിലയിരുത്താം. വലിയ താരനിരയോ അവകാശവാദങ്ങളോ ഇല്ലാതെയെത്തുന്ന നല്ല ചിത്രങ്ങളെ ആസ്വദിക്കാന്‍ മനസുളള പ്രേക്ഷകര്‍ക്ക് ധൈര്യമായി കാണാവുന്ന ചിത്രമാണ് ‘ഒറ്റയ്‌ക്കൊരു കാമുകന്‍’

സംവിധാനം: അജിന്‍ലാല്‍ & ജയന്‍ വന്നേരി

തിരക്കഥ: എസ്.കെ സുധീഷ്, ശ്രീഷ് കുമാര്‍ എസ്

ബാനര്‍: ഡാസ്ലിംഗ് മൂവി ലാന്‍ഡ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top