കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് നിര്‍ദേശിച്ച് ജനതാദള്‍ ദേശീയ പ്രസിഡന്റ് ദേവഗൗഡയുടെ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രി മാത്യു ടി.തോമസിനെ മാറ്റുന്ന കാര്യത്തില്‍ ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ കത്ത് കിട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി മാറ്റത്തിന് മറ്റ് തടസങ്ങളൊന്നുമില്ല. സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനം പിന്നീടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജെഡിഎസ് നിയമസഭാ കക്ഷി നേതാവ് സി.കെ.നാണു എംഎല്‍എ പറഞ്ഞു. മന്ത്രിസ്ഥാനത്തേക്ക് ആദ്യം പാര്‍ട്ടി തീരുമാനിച്ചിരുന്നത് കൃഷ്ണന്‍കുട്ടിയെ ആയിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം മാത്യു ടി. തോമസിനെ മന്ത്രിയാക്കിയപ്പോള്‍ അന്ന് തങ്ങള്‍ എതിര്‍ത്തില്ല. പാര്‍ട്ടി തീരുമാനത്തിനാണ് അന്നു വഴങ്ങിയതെന്നും നാണു പറഞ്ഞു.
ദീര്‍ഘനാള്‍ എംഎല്‍എയായിരുന്ന കൃഷ്ണന്‍കുട്ടിക്ക് മന്ത്രിസ്ഥാനം കൊടുക്കണമെന്ന് പാര്‍ട്ടിയിലെ എല്ലാവരുടെയും അഭിപ്രായമായിരുന്നു. മാത്യു ടി. തോമസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം ഈ തീരുമാനം അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും നാണു കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിനാണ് കാര്യമെന്ന് കൃഷ്ണന്‍കുട്ടിയും പറഞ്ഞു. മൂന്ന് എംഎല്‍എമാരില്‍ രണ്ടുപേര്‍ ഇപ്പോഴത്തെ തീരുമാനത്തെ അംഗീകരിക്കുന്നുണ്ട്. തന്നെ മന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനം മാത്യു ടി. തോമസ് ആദ്യം അംഗീകരിച്ചതാണെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.