Breaking News

എൻ.എച്ച്. അൻവർ സഹാനുഭൂതിയും നേതൃപാടവ മികവും കൊണ്ട് സമൂഹത്തിൽ ജ്വലിച്ചു നിന്ന വ്യക്തിത്വമെന്ന് വെങ്കിടേഷ് രാമകൃഷ്ണൻ; അൻവറോർമ്മകളിൽ കേബിൾ ദിനം ആചരിച്ചു; എൻ്റെ കൺമണിക്ക് കാരുണ്യ പദ്ധതിയുടെ കാസർകോട് ജില്ലാതല ഉദ്ഘാടനവും നടന്നു

കാസർകോട്: സകല ജീവികളോടും സഹാനുഭൂതി കാണിക്കുകയും പകരം വയ്ക്കാനില്ലാത്ത പ്രവർത്തനങ്ങളിലൂടെ സംഘടനാ സാരഥ്യത്തിന് സൗന്ദര്യം പകരുകയും ചെയ്ത കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) മുൻ പ്രസിഡണ്ട് എൻ.എച്ച് അൻവറിൻ്റെ സേവനം കാലം എപ്പോഴും സ്മരിക്കുമെന്ന് മുതിർന്ന മാധ്യമ   പ്രവർത്തകനും ദി എയിഡം സി.എം.ഡിയുമായ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു. പിറന്നു വീഴുന്ന ഓരോ കുട്ടിക്കും അൻവറിൻ്റെ ഓർമ്മയ്ക്കായി ‘എൻ്റെ കൺമണിക്ക് ‘ എന്ന പേരിൽ സമ്മാനിക്കുന്ന ആദ്യത്തെ പാരിതോഷികം അദ്ദേഹത്തിൻ്റെ ഹൃദയ നൈർമല്യത്തിന് സി.ഒ.എ സമർപ്പിക്കുന്ന ആദരമാണെന്നും വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞു.

എൻ.എച്ച് അൻവറിൻ്റെ ഏഴാം ഓർമ്മ ദിനത്തിൽ കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയും സി.സി.എന്നും അൻവർ ട്രസ്റ്റുമായി സഹകരിച്ച് കാസർകോട്ട് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അൻവറിൻ്റെ ആദ്യ തട്ടകമായ കാസർകോട്ട് അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി ഒരു സാംസ്കാരിക സ്ക്വയർ നിർമ്മിക്കാൻ സി.ഒ.എ രംഗത്തു വരണമെന്നും ഇതിന് എം.എൽ.എ ഫണ്ടിൽ നിന്നുള്ള സഹായം ലഭ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു.നഗരസഭാ ചെയർമാൻ അഡ്വ. വി.എം മുനീർ മുഖ്യാതിഥിയായിരുന്നു. 

സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും അംഗീകാരത്തോടെയാണ് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ജനിക്കുന്ന നവജാതശിശുക്കള്‍ക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകള്‍ വിതരണം ചെയ്യുന്ന കാരുണ്യ പദ്ധതി – എന്റെ കണ്‍മണി – ആരംഭിച്ചത്. കാസര്‍കോട് ജില്ലയിലെ ഗിഫ്റ്റുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് എറണാകുളം വി.പി.എസ് ലേക്ഷോര്‍ ഹോസ്പിറ്റലാണ്. അന്‍വര്‍ ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഫണ്ട് സിഡ്‌കോ പ്രസിഡണ്ട് കെ വിജയകൃഷ്ണന്‍ കൈമാറി. കെ.സി.ബി.എല്‍ എം.ഡി പ്രജീഷ് അച്ചാണ്ടി കാരുണ്യ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

എറണാകുളം വി.പി.എസ് ലേക്ഷോര്‍ ആശുപത്രി എം.ഡി അഡ്വക്കറ്റ് എസ്.കെ അബ്ദുള്ള ഫസ്റ്റ് ഗിഫ്റ്റുകള്‍ കൈമാറി.എ.ഡി.എച്ച്.എസ് ഡോ. എ ജമാല്‍ അഹമ്മദ് ഏറ്റുവാങ്ങി.. സി.ഒ.എ ജില്ലാ പ്രസിഡണ്ട് ഹരീഷ് പി നായര്‍ ഉൾ സി.സി.എന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എം ലോഹിതാക്ഷന്‍, ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍, സി.സി.എന്‍ എം.ഡി മോഹനന്‍ ടി.വി, മേഖലാ സെക്രട്ടറി കെ.സുനില്‍കുമാര്‍ സംസാരിച്ചു.

അന്‍വര്‍ ഓര്‍മ്മ ദിനത്തിൻ്റെ ഭാഗമായി കേരളത്തിലെ അയ്യായിരത്തിലധികം വരുന്ന ഓപ്പറേറ്റര്‍മാര്‍ അവരുടെ നെറ്റ് വര്‍ക്കുകളില്‍ പതാക ഉയര്‍ത്തി കേബിള്‍ ദിനം ആചരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top