Home app

കൊണ്ടും കൊടുത്തും സിപിഐ സംസ്ഥാനസമ്മേളനം

പിണറായിക്കും ഇ.ചന്ദ്രശേഖരനും വിമര്‍ശനം

മലപ്പുറം: സിപിഎമ്മിനോടുളള അതൃപ്തി പരസ്യമായി തുറന്നു പ്രകടിപ്പിച്ച് സിപിഐ സംസ്ഥാനസമ്മേളനം. സമ്മേളനത്തോടനുബന്ധിച്ചുളള പൊതു ചര്‍ച്ചയിലാണ് പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും പ്രതിനിധികള്‍ തുറന്നടിച്ചത്. മുഖ്യമന്ത്രി ഏകാധിപതിയായി മാറിയെന്നും യുഡിഎഫ് ശൈലിയില്‍ നിന്ന് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നില്ലെന്നും കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഒമ്പത് ഉപദേശകര്‍ എല്‍ഡിഎഫ് നയത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്. ഘടകക്ഷികളുടെ വകുപ്പുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യമായി ഇടപെടുകയാണ്. സര്‍ക്കാരിന് മോശം പ്രതിച്ഛായ ഉണ്ടാക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും പൊതുചര്‍ച്ചയില്‍ ആരോപണമുയര്‍ന്നു.

പിണറായിക്കു പിന്നാലെ സ്വന്തം മന്ത്രിയായ ഇ ചന്ദ്രശേഖരനെതിരെയും വിമര്‍ശനം ഉണ്ടായി. ഇ ചന്ദ്രശേഖരന്‍ നായരെ പോലെ സിപിഐയ്ക്ക് അഭിമാനമായിരുന്ന മുന്‍ മന്ത്രിമാരെ കണ്ടുപഠിക്കണം. റവന്യൂവകുപ്പ് കാര്യക്ഷമമായി കൊണ്ടുപോകാന്‍ മന്ത്രിക്ക് കഴിയുന്നില്ല. പാര്‍ട്ടി നയങ്ങള്‍ക്ക് അനുസരിച്ചല്ല വകുപ്പില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും സമ്മേളനം കുറ്റപ്പെടുത്തി.

കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രനെതിരെയും വിമര്‍ശനം ഉയര്‍ന്നു. ചവറ മണ്ഡലംകമ്മറ്റിക്ക് വേണ്ടി സ്ഥലം വാങ്ങിയതിലും വിറ്റതിലുമുള്ള ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എയ്‌ക്കെതിരായ വിമര്‍ശനം. തലശ്ശേരിയില്‍ വോളിബാള്‍ ടൂര്‍ണമെന്റ് സുതാര്യമായി നടത്തുന്നതില്‍ വീഴ്ച പറ്റി എന്നിവ ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ് സിഎന്‍ ചന്ദ്രനെതിരെയും വിമര്‍ശനം ഉണ്ടായി. സമ്മേളനത്തില്‍ അവതരിപ്പിച്ച കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ചന്ദ്രനെതിരായ പരാമര്‍ശം.

പാര്‍ട്ടി ദേശീയ-സംസ്ഥാന നേതൃത്വത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പാര്‍ട്ടിയില്‍ ഒരു കാനം മാത്രം പോരെന്നും കൂടുതല്‍ പേര്‍ നേതൃനിരയിലേക്ക് ഉയര്‍ന്ന് വരണമെന്നും അഭിപ്രായം ഉണ്ടായി. സമയാസമയങ്ങളില്‍ പ്രതികരിക്കാതെ മാറി നില്‍ക്കുന്നെന്നാണ് ദേശീയ നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം. ഇത് പ്രശ്‌നങ്ങള്‍ വഷളാക്കുന്നതായും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഫാസിസ്റ്റ് വിരുദ്ധ ചേരിക്ക് സിപിഐ നേതൃത്വം നല്‍കണം. കനയ്യ കുമാറിനെ മുന്‍നിര്‍ത്തി ബിജെപിയെ നേരിടാത്തത് ദേശീയ നേതൃത്വത്തിന്റെ പെരുന്തച്ചന്‍ കോംപ്ലക്‌സ് മൂലമാണെന്ന് തൃശൂരില്‍ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി.

അതേസമയം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയില്‍ രംഗത്തെത്തി. മൂന്നു വര്‍ഷമായി തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഇസ്മയില്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. നേരത്തെ ഇസ്മയിലിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതോടെയാണ് സിപിഐയ്ക്കുളളിലെ പ്രശ്‌നങ്ങള്‍ മറനീക്കി പുറത്തുവന്ന് തുടങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top