Breaking News

രാഷ്‌ട്രീയ ബദലിന് കോണ്‍ഗ്രസ് അനിവാര്യം,ബിനോയ് വിശ്വത്തിന്റെ നിലപാടിന് പിന്തുണയുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം:ബിനോയ് വിശ്വം എംപിയുടെ കോണ്‍ഗ്രസ് അനുകൂല പ്രസ്താവനക്ക് സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ പിന്തുണ.ബിനോയ് വിശ്വം പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും രാഷ്ട്രീയ ബദല്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്നും എഡിറ്റോറിയല്‍ ലേഖനത്തില്‍ പറയുന്നു.

‘കോണ്‍ഗ്രസ് ഇപ്പോഴും ഏറ്റക്കുറച്ചിലുകളോടെ എങ്കിലും ദേശവ്യാപകമായി സാന്നിധ്യവും സ്വാധീനവുമള്ള മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഭരണഘടന മൂല്യങ്ങളും നിയമവാഴ്ചയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി നിലകൊള്ളുന്ന, ഒരു രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. അത്തരം ഒരു ബദല്‍ സംവിധാനത്തിന്റെ സാമ്ബത്തിക നയപരിപാടികളെ സംബന്ധിച്ച്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമല്ല കോണ്‍ഗ്രസിലെതന്നെ ഗണ്യമായ ഒരു വിഭാഗത്തിനും വ്യത്യസ്ത അഭിപ്രായവും വിമര്‍ശനവുമുണ്ട്. എന്നാല്‍ ഇന്ന് രാജ്യം നേരിടുന്ന മുഖ്യവെല്ലുവിളി മതനിരപേക്ഷത, ജനാധിപത്യം, ഭരണഘടന എന്നിവയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നിലനില്പും സംരക്ഷണവും തന്നെയാണ്. അവിടെയാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ബിജെപിക്കെതിരായ രാഷ്ട്രീയ ബദലിലുള്ള പ്രസക്തി. ഇക്കാര്യത്തില്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പൂര്‍ണ തോതിലുള്ള അഭിപ്രായ ഐക്യമോ സമന്വയമോ നിലവില്‍ ഇല്ല എന്നതുകൊണ്ട് അവ സംബന്ധിച്ച സംവാദത്തെ രാഷ്ട്രീയ പ്രക്രിയയായി മാത്രമെ കാണേണ്ടതുള്ളു.’ ജനയുഗം എഡിറ്റോറിയയില്‍ പറയുന്നു.

രാജ്യത്തെ കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാര്‍ട്ടികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ അവഗണിച്ചുകൊണ്ട് ദേശീയ തലത്തില്‍ ഒരു രാഷ്ട്രീയ ബദല്‍ അസാധ്യമാവുമെന്നും സിപിഐ മുഖപത്രത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് തകര്‍ന്ന് പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം ഇന്നലെ നടത്തിയ പ്രസ്താവന. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിനു കഴിയില്ല. ഇടത് പക്ഷത്തിനു അതിനുള്ള കെല്‍പ് ഇല്ല. അതുകൊണ്ട് കോണ്‍ഗ്രസ് തകര്‍ന്നു പോകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. പി ടി തോമസ് അനുസ്മരണയോഗത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top