Environment

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; വ്യാപക നാശം

സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായി. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും വ്യാപകനാശം. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി മഴക്കെടുതിയില്‍ ബാലികയടക്കം എട്ടുപേര്‍ മരിച്ചു. കാറ്റില്‍ മരം വീണും ഫ്‌ളക്‌സ് വീണും ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇടുക്കിയില്‍ മരം വീണും മണ്ണിടിഞ്ഞും 50 വീടും നിരവധി വാഹനവും തകര്‍ന്നു. പലയിടങ്ങളിലും മരംവീണ് റെയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു.

കനത്ത മഴ ബുധാനാഴ്ച രാവിലെവരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കനത്തമഴയില്‍ തെങ്ങ് കടപുഴകിവീണാണ് തിരുവനന്തപുരത്തും കോഴിക്കോട്ടും രണ്ട് സ്ത്രീകള്‍ മരിച്ചത്. നെയ്യാറ്റിന്‍കര പെരുങ്കടവിള ആങ്കോട്ടില്‍ ശ്രീദീപം വീട്ടില്‍ ദീപ (44) വീടിനരികിലെ ചായ്പിലിരിക്കെ തെങ്ങ് വീണ് മരിച്ചു. പരിക്കേറ്റ ബന്ധു ഗംഗ (22)യെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാലരാമപുരം പുന്നയ്ക്കാട് ചിറത്തല വിളാകത്ത് പൊന്നമ്മ(65) ദേഹത്ത് മരം പൊട്ടിവീണ് മരിച്ചു.

കോഴിക്കോട് കടലുണ്ടി ചാലിയത്ത് വെസ്റ്റ് വട്ടപ്പറമ്പ് കുരിക്കള്‍കണ്ടി കദീജകുട്ടി (60)യും തെങ്ങ് വീണ് മരിച്ചു. തലശേരിയില്‍ മരംമുറിക്കുന്നതിനിടെ വീണ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കുയ്യാലി കാവുംഭാഗം സൗത്ത് എല്‍പി സ്‌കൂളിനു സമീപത്തെ താനിക്കാംപൊയില്‍ കാളിയത്താന്‍ മനോഹരനാ (55)ണ് മരിച്ചത്. പാനൂര്‍ ചമ്പാട് അരയാക്കൂലില്‍ പൊട്ടിവീണ മരം മുറിക്കുന്നതിനിടെ തോട്ടില്‍വീണ് മദയോത്ത് താഴെകുനിയില്‍ എം എന്‍ രവീന്ദ്രന്‍ (66) മരിച്ചു. മര്‍ച്ചന്റ് നേവി എന്‍ജിനിയറിങ് വിഭാഗം റിട്ട. ജീവനക്കാരനാണ്.

കണ്ണൂര്‍ തലവില്‍ മതിലിടിഞ്ഞുവീണ് പെയിന്റിങ് തൊഴിലാളി പടിഞ്ഞാറയില്‍ വീട്ടില്‍ ഗാംഗാധരന്‍ (62) മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ മഹുമ്മദ് അന്‍സിഫിന്റെ മകള്‍ എല്‍കെജി വിദ്യാര്‍ഥിനി ഫാത്തിമ സൈനബ് (4) വെള്ളക്കെട്ടില്‍ വീണ് മരിച്ചു. അഡൂര്‍ ദേലമ്പാടി ചെര്‍ളകയിലെ ചെനിയ നായ്ക്ക് (65) പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

ആനച്ചാലിന് സമീപം ഉരുള്‍ പൊട്ടി. ആളപായം ഉണ്ടായില്ല. മൂന്നാറില്‍ കനത്ത മഴയില്‍ ദേശീയ പാതയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിലായി. മലയോര മേഖലയിലൂടെയുളള രാത്രി യാത്രയ്ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി.

ആനച്ചാലില്‍ ഇന്നലെ വൈകിട്ട് കല്ലും മണ്ണും മൂന്നുവീടുകളിലേക്ക് കുത്തിയൊലിച്ചെങ്കിലും ആളപയമുണ്ടായില്ല. അപകടസാധ്യത കണക്കിലെടുത്ത് ആനച്ചാലിലെ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തില്‍ അപകടഭീഷണി നേരിടുന്ന പ്രദേശത്തെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പള്ളിവാസല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീടിനു മുകളിലേക്ക് വന്‍മരം കടപുഴകി വീട് പൂര്‍ണ്ണമായും തകര്‍ന്നു.  പലവീടുകളുടെയും മേള്‍ക്കൂരകള്‍ ശക്തമായ കാറ്റില്‍ നിലംപൊത്തി. ഹൈറേഞ്ച് മേഖലയിലെ മിക്കയിടങ്ങളിലും മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായ അവസ്ഥയിലാണ്.

മഴ കനത്തതിനെതുടര്‍ന്ന് കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. തൃശ്ശൂരില്‍ ജില്ലയിലുണ്ടായ കൃഷിനാശത്തിന്റെ കണക്കുകള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും. ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന താലൂക്കുകളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി വിവിധയിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top