കേബിള്‍ ടിവി മേഖലയില്‍ ഫെബ്രുവരി 1- മുതല്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടപ്പിലാക്കുന്ന താരിഫ് ഓര്‍ഡര്‍ വന്‍കിട ഇന്ത്യന്‍ വിദേശ പേ ചാനല്‍ കമ്പനികളെ സഹായിക്കാനാണെന്ന് സിഐടിയു. കേബിള്‍ ടിവി വരിക്കാരെയും കേബിള്‍ ഓപ്പറേറ്റര്‍മാരെയും പ്രതികൂലമായി ബാധിക്കുന്നതാണ് ട്രായ്യുടെ പുതിയ തീരുമാനം. ട്രായ്യുടെ പുതിയ ചട്ടത്തിനെതിരെ 24 മണിക്കൂര്‍ സിഗ്നല്‍ ഓഫ് ചെയ്ത് പ്രതിഷേധിക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സമരത്തിന് സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
ബേസിക് നിരക്ക് 100 ഫ്രീ ടു എയര്‍ ചാനലുകള്‍ക്ക് 130 രൂപയായി നിശ്ചയിച്ചതും ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്കിയതും കേബിള്‍ വരിക്കാര്‍ക്ക് ഗുണം ചെയ്യും. പക്ഷേ, ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മലയാളം പേചാനലുകളും പ്രധാന സ്പോര്‍ട്സ് ചാനലുകളും രണ്ടോ മൂന്നോ അന്യഭാഷ ചാനലുകളും കൂടി തെരഞ്ഞെടുത്താല്‍ നിരക്ക് ഇരട്ടിയായി വര്‍ധിക്കും.
സാധാരണ കേബിള്‍ ഓപ്പറേറ്റര്‍ക്ക് (എല്‍സിഒ) ബേസിക് നിരക്കിന്റെ 45 ശതമാനവും വരിക്കാര്‍ തെരഞ്ഞെടുക്കുന്ന പേ ചാനല്‍ നിരക്കിന്റെ ഏഴ് ശതമാനവുമാണ് ട്രായ് നിശ്ചയിച്ച അനുപാതം. നിലവില്‍ 250 രൂപ വരിസംഖ്യ ലഭിക്കുമ്പോള്‍ പേ ചാനല്‍, എംഎസ്ഒ വിഹിതവും കഴിച്ച് 170, -180 രൂപ കിട്ടിയിരുന്നത് 100 രൂപയില്‍ താഴെയായി കുറയും. ഈ തുകകൊണ്ട് കേബിള്‍ ടിവി നടത്തിക്കൊണ്ടുപോകുക അസാധ്യമാണ്. യഥാര്‍ഥത്തില്‍ താരിഫ് ഓര്‍ഡറിന്റെ ഗുണഭോക്താക്കള്‍ സ്റ്റാര്‍ ടിവി, റിലയന്‍സ്, സീ ടിവി, സണ്‍, ടൈംസ് തുടങ്ങിയ വിദേശ ഇന്ത്യന്‍ പേ ചാനല്‍ കമ്പനികളാണ്.