ഡി.ജെ പാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡിജെയും സംഘവും കാണികളായ യുവാക്കള്‍ക്ക് നേരെ നിറയൊഴിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പലാം ഗ്രാമത്തിലാണ് സംഭവം. ‘ബുള്ളറ്റ് രാജ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ട് വീണ്ടും പാടാന്‍ കാണികളായ യുവാക്കള്‍ നിര്‍ബന്ധിച്ചതാണ് പ്രശ്നത്തിന് വഴിയൊരുക്കിയത്. ഡിജെ അവതരിപ്പിച്ചിരുന്ന അക്ഷയ് എന്ന ചെറുപ്പക്കാരനോട് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ യുവാക്കള്‍ ഒരേ പാട്ട് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതനായ അക്ഷയ് ടീം അംഗങ്ങളെ വിളിച്ചുവരുത്തുകയും യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
ഷാന്‍ങ്കി(23), തുഷാര്‍ ഭരദ്വാജ്(16) എന്നിവര്‍ക്കാണ് വെടിയേറ്റത്. പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ഡി.ജെ അക്ഷയ്(19), സുഹൃത്തുക്കളായ സജ്ഞയ് ശര്‍മ(29), ആഷിഷ് ശര്‍മ(23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അക്ഷയെയും സംഘത്തെയും പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒളിസങ്കേതത്തില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.