ജനതാദള്‍-എസ് മന്ത്രി മാത്യൂ ടി. തോമസ് രാജിവച്ചേക്കുമെന്ന് സൂചന. മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പാര്‍ട്ടിയുടെ രണ്ടു എംഎല്‍എമാര്‍ പങ്കുവയ്ക്കുമെന്ന മുന്‍ധാരണ പ്രകാരമാണ് രാജി. മാത്യൂ ടി. തോമസ് രാജിവച്ചാല്‍ പാര്‍ട്ടിയിലെ മറ്റൊരു എംഎല്‍എയായ കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാകും. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ധാരണയിലെത്തിയെന്നാണ് വിവരം.
ദീര്‍ഘകാലമായി മാത്യൂ ടി. തോമസ് വിഭാഗവും കൃഷ്ണന്‍കുട്ടി വിഭാഗവും തമ്മില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി പോര് നിലനില്‍ക്കുന്നുണ്ടായിരുന്നു. വിഷയത്തില്‍ ദേശീയ നേതൃത്വം ഇടപെട്ടിട്ടും തീരുമാനമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ബംഗളൂരുവില്‍ ജനാതാദള്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് മാത്യൂ ടി. തോമസിന്റെ രാജിക്കാര്യം തീരുമാനിച്ചതെന്നാണ് കൃഷ്ണന്‍കുട്ടി വിഭാഗം പറയുന്നത്.
ഇന്നത്തെ യോഗത്തില്‍ മാത്യൂ ടി. തോമസ് പങ്കെടുത്തിരുന്നില്ല. രാജിക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടും വ്യക്തമല്ല.