ചങ്ങനാശേരി: തിരുവനന്തപുരത്ത് എന്‍എസ്എസിന്റെ കരയോഗ മന്ദിരം ആക്രമിക്കപ്പെട്ടതിനോട് പ്രതികരിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.
ശബരിമലയിലെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനായാണ് എന്‍എസ്എസ് സമാധാനപരമായി വിശ്വാസ സമരം നടത്തിയത്. എന്നാല്‍ കേരളത്തില്‍ പലസ്ഥലങ്ങളിലായി എന്‍എസ്എസിന്റെ കരയോഗ മന്ദിരങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഇതിന്റെ പിന്നില്‍ ആരാണെന്നറിയാമെന്നും കളി എന്‍എസ്എസിനോട് വേണ്ടെന്നും സമുദായാംഗങ്ങള്‍ക്ക് എന്ത് സാഹചര്യം നേരിടാനുള്ള കരുത്തുണ്ടെന്നും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
തിരുവനന്തപുരം നേമത്തിന് സമീപം മേലാങ്കുളത്ത് വ്യാഴാഴ്ച രാത്രിയിലായിരുന്നു എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ കല്ലേറുണ്ടായത്. നേരത്തെ വൈക്കത്തും എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. തുടര്‍ച്ചയായുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുകുമാരന്‍ നായരുടെ പ്രതികരണം.