Kerala

വാര്‍ത്താ റേറ്റിംഗില്‍ ജനം ടിവി രണ്ടാം സ്ഥാനത്ത് ; ചാനല്‍ ഭീമന്‍മാര്‍ക്ക് അമ്പരപ്പ്

സംഘപരിവാരത്തിന്റെ ജിഹ്വയാണ് ജനം ടിവി. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍ ചെയര്‍മാനായ ജനം മള്‍ട്ടി മീഡിയ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ 2015ല്‍ സംപ്രേക്ഷണം ആരംഭിച്ച ചാനല്‍ മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മൗലികവാദികളായ ഹിന്ദുക്കള്‍ പോലും ചാനലിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നില്ല.

തീവ്ര ഹിന്ദുത്വ അജണ്ട മുന്‍നിര്‍ത്തി ആശയപ്രചരണം നടത്തുന്ന ജനം ടിവിക്ക് മലയാളികളുടെ മതനിരപേക്ഷ ബോധത്തില്‍ കാര്യമായി കൈകടത്തുവാനോ യാതൊന്നും ചെയ്യാനോ ഇല്ല എന്ന അവസ്ഥ വ്യക്തമാക്കും വിധമായിരുന്നു രണ്ടാഴ്ചയ്ക്ക് മുമ്പ് വരെയുള്ള അവരുടെ ബാര്‍ക് റേറ്റിംഗ്. ഇക്കാലംവരെയും റേറ്റിംഗിന്റെ ഏഴയലത്ത് എത്തുവാന്‍ ചാനലിന് സാധിച്ചിരുന്നില്ല.

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ (ബിഎആര്‍സി) പുറത്തുവിടുന്ന ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്‌സ് (ടിആര്‍പി) അനുസരിച്ചാണ് ഇന്ത്യയിലെ ചാനലുകളുടെ അംഗീകൃത വ്യൂവര്‍ഷിപ്പ് കണക്കാക്കുന്നത്.

റേറ്റിംഗ് പട്ടികയില്‍ കേരളത്തില്‍ മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ഒന്നാംനിരയില്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ കൈരളി പീപ്പിളും ന്യൂസ് 18നും മീഡിയ വണും അവര്‍ക്കു പിന്നില്‍ ആദ്യമാരെന്നുള്ള മത്സരത്തിലാണ്. ഇതിനിടയില്‍ അവസാന നമ്പറുകാരായിപ്പോലും റിപ്പോര്‍ട്ടറും ജനം ടിവിയും ജീവന്‍ ടിവിയുമൊന്നും എത്തിയിരുന്നില്ല.

റേറ്റിംഗിലെ ഒന്നാംസ്ഥാനം എല്ലാകാലത്തും ഏഷ്യാനെറ്റിന്റെ കുത്തകയാണ്. മനോരമയും മാതൃഭൂമിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ കാലാകാലം മാറിയും മറിഞ്ഞും വന്നു. എന്നാലിപ്പോള്‍ കഥ മാറുകയാണ്. ഈ ആഴ്ചത്തെ റേറ്റിംഗ്‌റിപ്പോര്‍ട്ട് അനുസരിച്ച് മലയാളത്തിലെ മാധ്യമ മുത്തശ്ശികളേയും പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് മുഴുവന്‍ സമയ വാര്‍ത്താചാനല്‍ അല്ലാത്ത ജനം ടിവി.

തങ്ങളുടെ അജണ്ടയ്ക്ക് അനുസരിച്ചുള്ള ആശയ പ്രചരണത്തിനായി വ്യാജ വാര്‍ത്തകള്‍ ചമച്ചതിന് നിരവധി ഉദാഹരണങ്ങള്‍ ജനം ടിവിയുടെ വാര്‍ത്താവഴികളില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് ആരോപണങ്ങളുണ്ട്. തങ്ങളുടെ മത,രാഷ്ട്രീയ വിശ്വാസങ്ങളെ പ്രചരിപ്പിക്കുന്നതിനായി അത്തരം നിര്‍മിത വാര്‍ത്തകള്‍ പുറത്തുവിട്ടെന്ന ആരോപണം നിലനില്‍ക്കെത്തന്നെ ആ ചാനല്‍ ബാര്‍ക് റേറ്റിംഗില്‍ മുന്‍ നിരയിലെത്തിയതിന് പിറകില്‍ ചെറുതല്ലാത്ത പ്രയത്‌നമുണ്ട്.

ശബരിമല വിഷയത്തില്‍ ചാനല്‍ കൈക്കൊണ്ട നിലപാടുതന്നെയാണ് റേറ്റിംഗ് കുതിക്കാനുള്ള മുഖ്യപങ്ക് വഹിച്ചതെന്ന് വ്യക്തമാണ്. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാട് കൈക്കൊള്ളുകയും സ്ത്രീപ്രവേശനത്തിനെതിരെ പമ്പയിലും സന്നിധാനത്തും ഉയര്‍ന്ന കടുത്ത പ്രതിഷേധ സമരങ്ങള്‍ മറയില്ലാതെ റിപ്പോര്‍ട്ടു ചെയ്തതും ജനം ടിവിക്ക് ടിവി പ്രേക്ഷകര്‍ക്കിടയില്‍ ചെറുതല്ലാത്ത സമ്മതി ഉണ്ടാക്കിക്കൊടുത്തുവെന്ന് വേണം കരുതാന്‍. ദേശീയ തലത്തില്‍ ആര്‍എസ്എസും ബിജെപിയും വിരുദ്ധനിലപാടെടുത്തപ്പോഴും തങ്ങള്‍ കേരളത്തിലെ വിശ്വാസികള്‍ക്ക് ഒപ്പം മാത്രമാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ചാനലിന് കഴിഞ്ഞു.

അതേ സമയം ജനം ടിവി പുറത്തുവിട്ട ചില വാര്‍ത്തകള്‍ വര്‍ഗീയത ആളിക്കത്തിക്കുന്നതാണെന്നും ആക്ഷേപമുണ്ട്. ഐജി മനോജ് എബ്രഹാം ഐപിഎസിന്റെ ജാതിയെ പരാമര്‍ശിച്ച് നല്‍കിയതും ശബരിമല ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന്‍ ഉണ്ടെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ഒരു പക്ഷെ ഇത് കേരളമായതുകൊണ്ട് മാത്രം സ്‌ഫോടനാത്മക സാഹചര്യത്തിലെത്താതെ പോയവയാണ്.

ശബരിമല വിഷയം അവസാനിക്കുന്നതോടെ ഒരുപക്ഷേ ജനം ടിവിയുടെ റേറ്റിംഗ് താഴ്‌ന്നേക്കാം. എങ്കിലും മലയാളത്തിലെ വാര്‍ത്താ ഭീമന്‍മാരോട് കിടപിടിച്ച് പരിമിതമായ അടിസ്ഥാന സാഹചര്യങ്ങളും എണ്ണത്തില്‍ കുറവ് മാത്രം തൊഴിലാളികളുമുള്ള ഒരു കുഞ്ഞ് എന്റര്‍ടെയ്‌മെന്റ് ചാനല്‍ റേറ്റിംഗ് മുന്‍നിരയിലെത്തിയത് പത്ര മുത്തശ്ശിമാര്‍ നയിക്കുന്ന ടെലിവിഷന്‍ ചാനലുകളിലെ എഡിറ്റോറിയല്‍ റൂമുകളില്‍ വലിയ ചര്‍ച്ചയ്ക്ക് വിധേയമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top