സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുളള പ്രവേശനം തടയണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി. നാല് മെഡിക്കല്‍ കോളജിലേക്കും പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍.
വാദം കേള്‍ക്കുന്നതിനിടെ സ്വാശ്രയ മാനേജ്മെന്റുകളെ സുപ്രീം കോടതി പലവട്ടം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് പി.കെ. ദാസ് എന്നീ മെഡിക്കല്‍ കോളജുകളിലെ നൂറ്റിയന്പത് എംബിബിഎസ് സീറ്റുകളിലേക്കും വര്‍ക്കല എസ്ആര്‍ കോളജിലെ നൂറ് സീറ്റുകളിലേക്കും നടന്ന പ്രവേശനത്തിലാണ് സുപ്രീംകോടതി വിധി പറയുന്നത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ പ്രവേശനമെന്നാണ് സുപ്രീം കോടതിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞിരിക്കുന്നത്. ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
എല്ലാ സീറ്റുകളിലും പ്രവേശനം നടന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി പരിഗണിച്ച് അനുകൂല തീരുമാനം സുപ്രീം കോടതി കൈക്കൊളളണമെന്നാണ് കേരള സര്‍ക്കാരും കോളേജ് മാനേജ്മെന്റുകളും വാദിച്ചത്. എന്നാല്‍ വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരുമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി.