കൊച്ചി: ലൈംഗികാരോപണത്തെ തുടര്‍ന്ന് കൊച്ചി മുസിരിസ് ബിനാലെ സഹസ്ഥാപകനും കലാകരനുമായ റിയാസ് കോമു ബിനാലെ ഫൗണ്ടേഷന് മാനേജ്മെന്റ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചു.
ബിനാലെ ഫൗണ്ടേഷന് മാനേജിങ് കമ്മിറ്റി യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു കോമുവിന്റെ രാജിപ്രഖ്യാപനം. ബിനാലെയുമായി ബന്ധപ്പെട്ട എല്ലാ പദവികളും റിയാസ് കോമു ഒഴിഞ്ഞു. കോമുവിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാനും ബിനാലെ ഫൗണ്ടേഷന് തീരുമാനിച്ചു.
ആരോപണത്തില്‍ റിയാസ് കോമു മാപ്പ് പറഞ്ഞിരുന്നു. ആ സംഭവം പെണ്‍കുട്ടിയെ വേദനിപ്പിച്ചതില്‍ ഖേദമുണ്ട്. വിഷയത്തില്‍ പെണ്‍കുട്ടിയുമായി സംഭാഷണത്തിന് തയാറാണെന്നും റിയാസ് കോമു വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ വിളിച്ചുവരുത്തി റിയാസ് കോമു ലൈംഗികമായി ഉപദ്രവിച്ചെന്ന് ഒരു ചിത്രകാരിയാണ് ആരോപണം ഉയര്‍ത്തിയത്.
കൊച്ചിയിലെത്തിയ തന്നോട് റിയാസ് കോമു മോശമായി പെരുമാറിയെന്നും ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു, റൂമില്‍ അതിക്രമിച്ചു കയറി ബലമായി ചുംബിച്ചു തുടങ്ങിയ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.