Kerala

കോടതിയുടെ എത്രയോ വിധികളില്‍ നടപടിയെടുത്തിട്ടില്ല; സര്‍ക്കാര്‍ നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് എന്‍.എസ്.എസ്

ചങ്ങനാശ്ശേരി: സുപ്രീംകോടതിയുടെ എത്രയോ വിധികള്‍ നടപടിയാകാതെ സര്‍ക്കാരിന്റെ മുമ്പിലുണ്ട്, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചുവെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും പാളിച്ചപറ്റി, നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും സര്‍ക്കാരിനെ ഇതുവരെ നേരിട്ട് കുറ്റപ്പെടുത്തിയിട്ടില്ല. പക്ഷേ, ഇക്കാര്യത്തില്‍ അനുകൂല നിലപാട് എടുക്കാനാവില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം എന്‍.എസ്.എസ്. പ്രതിഷേധിച്ചു. മന്നത്ത് പത്മനാഭനും നവോത്ഥാനനായകരും അനാചാരങ്ങള്‍ക്കെതിരേ പടപൊരുതിയത് ചൂണ്ടിക്കാട്ടി ചിലര്‍ എതിര്‍ത്തു. സമുദായാചാര്യന്റെ പ്രവര്‍ത്തനങ്ങള്‍ അനാചാരങ്ങള്‍ തുടച്ചുനീക്കുന്നതിനായിരുന്നു. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭന്‍ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയത്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നാമം ജപിച്ചുള്ള സഹനസമരമാണ് എന്‍.എസ്.എസ്. നടത്തിയത്. മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമമുണ്ടെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

അതേസമയം, ശബരിമലയില്‍ ഇന്നും കനത്ത ജാഗ്രത തുടരുകയാണ്. തുലാമാസ പൂജകള്‍ക്കായി നട തുറന്ന് നാലാം ദിവസം ശാന്തമായ അന്തരീക്ഷമാണ് സന്നിധാനത്തുള്ളത്. കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ 22 വരെ നീട്ടിയിട്ടുണ്ട്.

നിലയ്ക്കലിലും പമ്പയിലും പോലീസ് സുരക്ഷ കര്‍ശനമാക്കി. 1200 ഏറെ പൊലീസുകാരെയാണ് പമ്പയിലും നിലയ്ക്കലുമായി നിയോഗിച്ചിരിക്കുന്നത്. വനിതാ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. വാഹനപരിശോധനയും നടത്തുന്നുണ്ട്. ഇലവുങ്കലില്‍ നിന്ന് കര്‍ശനപരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങള്‍ നിലയ്ക്കലിലേക്ക് വിടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top