Kerala

ശബരിമലയിലിരിക്കുന്നത് ധര്‍മ്മ ശാസ്താവാണ്, അവിടെ ധര്‍മ്മമെ നടക്കുകയുള്ളു; ശബരിമല വിഷയത്തില്‍ നിലപാട് പറയാതെ പറഞ്ഞ് യേശുദാസ്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ സമൂഹത്തില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ വിഷയത്തില്‍ നിലപാട് പറയാതെ പറഞ്ഞ് ഗായകന്‍ യേശുദാസ്. സൂര്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു തികഞ്ഞ അയ്യപ്പ ഭക്തനായ അദ്ദേഹത്തിന്റെ പ്രതികരണം.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് പറയാതെ പറഞ്ഞ യേശുദാസ് ശബരിമലയിലിരിക്കുന്നത് ധര്‍മ്മ ശാസ്താവാണ്, ധര്‍മ്മമെ അവിടെ നടക്കുകയുള്ളുവെന്ന് അദ്ദേഹം സദസില്‍ ഓര്‍മ്മിപ്പിച്ചു.

വിഷയത്തില്‍ യേശുദാസിന്റെ പ്രതികരണം ഇങ്ങനെ,

രണ്ട് വര്‍ഷം മുമ്പാണ് അച്ഛനെ കുറിച്ച് സുഹൃത്ത് പുസ്തകം എഴുതിയത്. അതില്‍ 1947ല്‍ അച്ഛന്‍ വൃതം നോക്കി ശബരിമലയില്‍ പോയതിനെ കുറിച്ച് പറയുന്നുണ്ട്. അമ്മ പോലും അറിയാതെയായിരുന്നു അത്. പുസ്തകം വായിച്ചപ്പോഴാണ് ഇതേ കുറിച്ച് ഞങ്ങള്‍ അറിയുന്നത്. പിന്നെ പത്തുകൊല്ലം കഴിഞ്ഞ് പൂര്‍ണ്ണത്രയീശ്വര ക്ഷേത്രത്തില്‍ ഞാന്‍ സുഹൃത്തുമൊത്ത് മധുര മണി അയ്യരുടെ കച്ചേരി കേള്‍ക്കാന്‍ പോയി. അമ്പലത്തിന് അകത്ത് കയറി കേള്‍ക്കാന്‍ കഴിഞ്ഞില്ല. പുറത്ത് നിന്ന് കേള്‍ക്കുമ്പോള്‍ മറ്റൊരു ശബ്ദം ഉയര്‍ന്നു കേട്ടു. സ്വാമിയേ അയ്യപ്പാ… ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് അതിനേ കുറിച്ച് ചോദിച്ചു.

അയ്യപ്പക്ഷേത്രത്തില്‍ പോയി വരുന്നവരാണ് ഇതെന്ന് കൂട്ടുകാരന്‍ പറഞ്ഞു. മല ഇറങ്ങി എത്തിയ ശേഷം മാല ഊരുന്നതിന് മുമ്പ് ക്ഷേത്രത്തില്‍ വന്നതാണ് അവരെന്നും പറഞ്ഞു. പൂര്‍ണ്ണത്രയേശരീക്ഷേത്രത്തില്‍ കയറി കച്ചേരി കേള്‍ക്കാനാവാത്ത വേദനയില്‍ നിന്ന ഞാന്‍ എല്ലാ വേദനയും ഉള്ളിലൊതുക്കി ഈ അയ്യപ്പക്ഷേത്രത്തില്‍ എനിക്ക് പോകാനാകുമോ എന്ന് ചോദിച്ചു. നമുക്ക് നോക്കാമെന്ന് കൂട്ടുകാരന്‍ മറുപടിയും നല്‍കി. അതിന് ശേഷം അന്ന് ദേവസം ബോര്‍ഡില്ല. അയ്യപ്പ സേവാ സമാജത്തിന് ദര്‍ശനത്തിന് അനുവാദം ചോദിച്ച് കത്ത് നല്‍കി. ഇരുമുടിയുമായി ഭക്തിയോടെ എത്തുന്ന ആര്‍ക്കും ക്ഷേത്രത്തില്‍ കയറാമെന്ന മറുപടിയും കിട്ടി. എന്റെ അച്ഛനാണ് സിനിമയില്‍ അയ്യപ്പ ഭക്തിഗാനം പാടിയ ആദ്യ വ്യക്തി. പിന്നീട് എന്നെ കൊണ്ട് ഹരിവരാസനവും പാടിച്ചു.

ഇതൊക്കെ സാധിച്ചത് കൈക്കൂലിയൊന്നും കൊടുത്തല്ല. ഏഴ് വര്‍ഷമായി അയ്യപ്പന്റെ കാന്തിക വലയത്തിലാണ് കഴിയുന്നത്. എന്ത് സംഭവിച്ചാലും ആ കാന്തവലയത്തില്‍ കഴിയും. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രം. എന്റെ കൊച്ചു മകള്‍ ഉത്രം. എന്റെ അനിയന്റെ നക്ഷത്രം ഉത്രം.ഇതില്‍ അപ്പുറം എന്ത് വേണമെന്നും യേശുദാസ് ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top