ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സത്യാഗ്രഹ സമരം. തങ്ങളുടെ സഹോദരിയെ സഹായിക്കാന്‍ സഭയും സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചുനില്‍ക്കുന്നതായും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
സഭാനേതൃത്വം ഇടപെട്ട് തീരുമാനമുണ്ടാക്കുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചതെന്നും എന്നാല്‍ പരാതി അവഗണിച്ചതോടെയാണ് സമരവുമായി രംഗത്തിറങ്ങിയതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ഇരയായ കന്യാസ്ത്രീയ്ക്കൊപ്പം ഉറച്ചു നില്ക്കുന്ന അഞ്ച് കന്യാസ്ത്രീകളാണ് കുറവിലങ്ങാടു നിന്നും സമരം ചെയ്യാന്‍ എറണാകുളത്തെത്തിയത്. ബിഷപ്പിനെതിരെ മൊഴി നല്കിയ അനുപമ എന്ന കന്യാസ്ത്രീയും സമരപ്പന്തലിലുണ്ട്.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനിലാണ് സത്യാഗ്രഹ സമരം നടക്കുന്നത്. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച്ച ഹര്‍ജി നല്‍കാനിരിക്കെയാണ് കന്യസ്ത്രീകള്‍ സമരം ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.