അണക്കെട്ടുകള്‍ ഒറ്റയടിക്കു തുറന്നതല്ല പ്രളയത്തിനു കാരണമായതെന്നു കേന്ദ്ര ജല കമ്മിഷന്. അപ്രതീക്ഷിതവും അതിശക്തവുമായ മഴയാണു ദുരന്തത്തിന് ഇടയാക്കിയത്. ഒരു നൂറ്റാണ്ടിനു ശേഷമാണ് കേരളം ഇത്തരത്തിലൊരു മഹാപ്രളയത്തിന് സാക്ഷ്യം വഹിച്ചത്. ഭൂപ്രകൃതിയുടെ പ്രത്യേകത, അണക്കെട്ടുകള്‍ അതിവേഗം നിറയാന്‍ ഇടയാക്കി. എന്നാല്‍ പുഴ കൈയ്യേറിയും കുന്നിടിച്ചും നടത്തിയ അനധികൃത കയ്യേറ്റങ്ങള്‍ കേരളത്തിലെ സ്ഥിതി രൂക്ഷമാക്കിയെന്നും ജലകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അണക്കെട്ടുകള്‍ തുറന്നതല്ല പ്രളയകാരണമെന്ന ജലക്കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനും വൈദ്യുത വകുപ്പിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വൃഥാവിലാവുകയാണ്. മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നതാണു ദുരന്തകാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സമയബന്ധിതമായി അണക്കെട്ട് തുറന്നിരുന്നെങ്കില്‍ ദുരന്തം ഉണ്ടാകില്ലെന്നും ഇതിനു കാരണമായത് വൈദ്യുതമന്ത്രി എംഎം മണിയാണെന്നും ബിജെപി നേതാവ് കെ.സുരേന്ദ്രന് പറഞ്ഞിരുന്നു. മണി മന്ത്രിയായി തുടരുന്നത് കേരളത്തിന് അപമാനമാണെന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകള്‍. എന്നാല്‍ പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ പരിശ്രമിക്കുന്ന സര്‍ക്കാരിന് കേന്ദ്രജലക്കമ്മീഷന്‍ റിപ്പോര്‍ട്ട് ആശ്വാസമായിരിക്കുകയാണ്.