Kerala

പ്രളയദിനങ്ങള്‍ക്കൊടുവില്‍ അക്ഷരമുറ്റത്തേക്ക്; മുന്നൂറിലേറെ സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല

കേരളത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയദിനങ്ങള്‍ക്കും ഓണാവധിക്കും ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ പല സ്‌കൂളുകളും തുറന്നത്. ഓഗസ്റ്റ് 13 ന് ആരംഭിച്ച കനത്ത മഴയയെയും വെളളപ്പൊക്കത്തെയും തുടര്‍ന്നാണ് സ്‌കൂളുകള്‍ക്ക് നീണ്ട അവധി നല്‍കിയത്. മലയോരമേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കണക്കിലെടുത്ത് ഇവിടങ്ങളില്‍ നേരത്തെ അവധി നല്‍കിയിരുന്നു.

സംസ്ഥാനത്തെ മിക്കവാറും സ്‌കൂളുകളും കോളേജുകളും ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയിരുന്നു. പ്രളയബാധിത മേഖലകളിലെ സ്‌കൂളുകളിലും ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളിലും ശുചീകരണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഇവ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെയുളള മുന്നൂറിലേറെ സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല. ആലപ്പുഴയില്‍ കുട്ടനാട്, അമ്പലപ്പുഴ ,ചേര്‍ത്തല താലൂക്കുകളില്‍ പ്രൊഫഷണല്‍ കോളേജ് അടക്കമുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയത്തെതുടര്‍ന്ന് ഇത്തവണ ഒട്ടേറെ അധ്യയന ദിനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതോടെ ഒന്നാം പാദ വാര്‍ഷിക പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുളള നടപടികള്‍ ഉടന്‍ തന്നെ തുടങ്ങും. അതേസമയം പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 31 നുള്ളില്‍ അവരവരുടെ സ്‌കൂളുകളില്‍ വിവരം രജിസ്റ്റര്‍ ചെയ്യണമെന്ന് വിദ്യാഭ്യസ വകുപ്പ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top