കൊച്ചി: പ്രളയദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചകളുമായി ഒമ്പതാമത് മിലിറ്ററി ഫോട്ടോ എക്സിബിഷന് എറണാകുളം പ്രസ് ക്ലബ് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനം തുടങ്ങി. ദക്ഷിണനാവിക സേനയും എറണാകുളം പ്രസ്ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഫോട്ടോ എക്സിബിഷന് ബുധനാഴ്ച്ച വരെ നീണ്ടുനില്‍ക്കും.
കേരളം നേരിട്ട പ്രളയദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ് എറണാകുളം പ്രസ് ക്ലബ് ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ഫോട്ടോഎക്സിബിഷനിലുളളത്. ദുരന്തത്തിനിടയില്‍ നടത്തിയ സാഹസിക രക്ഷാപ്രവര്‍ത്തനങ്ങളും പ്രളയം വിതച്ച ദുഖദുരിതങ്ങളുമാണ് ഫോട്ടോ എക്സിബിഷന്റെ പ്രമേയം. എറണാകുളം പ്രസ് ക്ലബ് ഗാലറിയില്‍ ആരംഭിച്ച എക്സിബിഷന് ദക്ഷിണ നാവിക കമാന്‍ഡ് റിയര്‍ അഡ്മിറല്‍ ആര് ജെ നദ്കര്‍ണി ഉദ്ഘാടനം ചെയ്തു.
വര്‍ഷങ്ങളായി ദക്ഷിണ നാവിക സേനയും എറണാകുളം പ്രസ് ക്ലബും സംയുക്തമായി ഫോട്ടോ എക്സിബിഷന് സംഘടിപ്പിക്കാറുണ്ട്. നവംബര്‍ 26 മുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്ന എക്സിബിഷന്റെ ഒമ്പതാം പതിപ്പാണിത്. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയുളള സമയത്ത് പൊതുജനങ്ങള്‍ക്ക് എക്സിബിഷന് കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്.
40 ഓളം ഫോട്ടോഗ്രാഫര്‍മാരുടെ 90 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫോട്ടോ ജേര്ണലിസ്റ്റുമാരും പ്രദര്‍ശനത്തില്‍ കൈ കോര്‍ക്കുന്നുണ്ട്.
പ്രളയ ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച ചരിത്രപ്രധാനമായ നിമിഷങ്ങളാണ് എക്സിബിഷന്റെ സവിശേഷത. ദുരന്തസമയത്തും സാഹസികമായി ഈ രംഗങ്ങള്‍ ഒപ്പിയെടുക്കാന്‍ മുന്നിട്ടിറങ്ങിയ ഫോട്ടോഗ്രാഫര്‍മാര്‍ നേരിട്ട വെല്ലുവിളികളും സാഹസികതയും ഓര്‍മ്മിപ്പിക്കുന്നതു കൂടിയാണ് എക്സിബിഷന്.