കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. ഫെബ്രുവരി ആറിനും ഓഗസ്റ്റ് 22-നും പകര്‍ത്തിയ രണ്ട് സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് പുറത്തുവിട്ടത്. പ്രളയത്തിനു മുമ്പും ശേഷവുളള കേരളത്തിന്റെ സ്ഥിതിയാണ് ചിത്രത്തില്‍. ജനവാസ മേഖലകളില്‍ വെളളം കയറി മുങ്ങിയ സ്ഥിതിയിലെടുത്തതാണ് ചിത്രം. വേമ്പനാട്ടു കായലിന് ചുറ്റുമുള്ള ആകാശകാഴ്ചയാണ് നാസ പുറത്തുവിട്ടത്.
ഫെബ്രുവരി ആറിന് പകര്‍ത്തിയ ചിത്രത്തില്‍ വേമ്പനാട് കായലും പച്ചപ്പും കാണാന്‍ കഴിയും. എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍ പ്രളയത്തില്‍ മുങ്ങിയിരിക്കുന്ന പ്രദേശങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ഇരു ചിത്രങ്ങളില്‍ നിന്നും കേരളം നേരിട്ട പ്രളയക്കെടുതിയുടെ വ്യാപ്തി മനസിലാക്കാന്‍ സാധിക്കും. ഒരു നൂറ്റാണ്ടിനു ശേഷമാണ് കേരളത്തില്‍ ഇത്രത്തോളം ദുരിതം വിതച്ച മറ്റൊരു പ്രളയം ഉണ്ടാകുന്നത്. കേരളം നേരിട്ട ഏറ്റവും മോശമായ മണ്‍സൂണ്‍ സീസണാണിതെന്ന് നാസയും വിലയിരുത്തുന്നു.