തായ്ലന്റില് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്ബോള്‍ പരിശീലകനെയും നാലു ദിവസത്തിനകം പുറത്തെത്തിക്കാനാകുമെന്ന് റിപ്പോര്‍ട്ട്. മഴ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കുന്നുണ്ട്. നീണ്ട പതിനാറ് ദിവസത്തെ ശ്രമത്തിനൊടുവിലാണ് കുട്ടികള്‍ പുറത്തെത്തുന്നുവെന്ന ശുഭകരമായ വാര്‍ത്തയെത്തുന്നത്.
കഴിഞ്ഞ മണിക്കൂറുകളില്‍ താം ലുവാങ് ഗുഹയുടെ പരിസരത്ത് മഴയില്‍ നല്ല കുറവുണ്ട്. ഇതുകൊണ്ടുതന്നെ ഗുഹയ്ക്കുള്ളിലെ വെള്ളത്തിന്റെ അളവിലും കുറവ് വന്നിട്ടുണ്ട്. മഴ വന്നാല്‍ ഗുഹയ്ക്കുള്ളിലേക്ക് വെള്ളമിറങ്ങാന്‍ സാധ്യതയുള്ള വിടവുകള്‍ മൂടാനുള്ള ശ്രമം തുടരുകയാണ്. ഈ വിടവുകളിലേക്കുള്ള അരുവികള്‍ വഴിതിരിച്ചു വിടാനും ദൗത്യ സംഘം ശ്രമിക്കുന്നുണ്ട്. എന്നാല്‍ അടുത്ത മഴയ്ക്കു മുന്‍പുതന്നെ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി കുട്ടികളെയും കോച്ചിനെയും പുറത്തെടുക്കാനാകുമെന്നാണ് വിലയിരുത്തല്‍.