Kerala

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ടി.സി.മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ട്

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ടി.സി.മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ട്. ടി.സി.മാത്യു കെസിഎ സെക്രട്ടറിയായിരിക്കുമ്പോള്‍ രണ്ടു കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ തുക രണ്ടു മാസത്തിനുള്ളില്‍ മാത്യുവില്‍ നിന്ന് തിരിച്ച് പിടിക്കണമെന്നും ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു.

മറൈന്‍ഡ്രവില്‍ ഫ്‌ലാറ്റ് വാങ്ങുന്നതിന് 29 ലക്ഷം രൂപയാണ് അദ്ദേഹം ചെലവിട്ടത്. കെസിഎയ്ക്ക് സ്വന്തമായി കെട്ടിടവും മറ്റ് സൗകര്യങ്ങളും ഉണ്ടെന്നിരിക്കെയാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടുക്കിയില്‍ സ്റ്റേഡിയം നിര്‍മ്മാണം മുന്‍ നിര്‍ത്തി പാറപൊട്ടിക്കുന്നതിന് 44 ലക്ഷം രൂപയാണ് ചെലവായതെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ കാസര്‍ഗോട്ട് ഭൂമി വാങ്ങുന്നതിലും തിരിമറി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കാസര്‍ഗോട്ട് 20 ലക്ഷം രൂപ മുടക്കി വാങ്ങിയത് പുറമ്പോക്ക് ഭൂമിയായിരുന്നുവെന്നാണ് ഓംബുഡ്‌സ്മാന്റെ കണ്ടെത്തല്‍. ഇതിനുപുറമേ കെസിഎയുടെ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിലൂടെ 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അസോസിയേഷന് സോഫ്റ്റ്വെയര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 60 ലക്ഷം രൂപയുടെ തിരിമറി നടന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഓംബുഡ്‌സ്മാന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് ടിസി മാത്യു പറഞ്ഞു. അഴിമതികള്‍ക്ക് പിന്നില്‍ ഇപ്പോഴത്തെ സെക്രട്ടറി ജയേഷ് ജോര്‍ജാണെന്നും മാത്യു ആരോപിച്ചു. ജയേഷിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തത്. താന്‍ കെസിഎയില്‍ തിരിച്ചു വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് ആരോപണത്തിന് പുറകിലെന്നും മാത്യു വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top