റാമല്ല: പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലുമായുള്ള ലോകകപ്പ് ഫുട്ബോള്‍ സൗഹൃദമത്സരം അര്‍ജന്റീന ഉപേക്ഷിച്ചു. അര്‍ജന്റീനന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ പത്തിന് ടെഡി സ്റ്റേഡിയത്തില്‍ നടക്കേണ്ട മത്സരമാണ് അവസാന നിമിഷം റദ്ദാക്കിയത്.
മത്സരം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അര്‍ജന്റീനക്കു മേല്‍ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പാലസ്തീന് പ്രദേശത്ത് നിന്നും മത്സരം ജെറുസലേമിലേക്ക് മാറ്റിയതിനെതിരെയായിരുന്നു പ്രതിഷേധം. ഇസ്രയേലിനെതിരെ കളിച്ചാല്‍ മെസ്സിയുടെ ജഴ്സിയും ചിത്രങ്ങളും കത്തിച്ചു പ്രതിഷേധിക്കണമെന്നു വരെ പലസ്തീന് ഫുട്ബോള്‍ അസോസിയേഷന് ആഹ്വാനം ചെയ്തിരുന്നു.
വിഷയത്തില്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഇതേക്കുറിച്ച് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം രണ്ട് തവണ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയുമായുള്ള മത്സരം കാത്തിരിക്കുകയായിരുന്ന ഇസ്രയേലിലെ കാല്പന്തുകളി പ്രേമികളും മെസി ആരാധകരും നിരാശയിലാണ്.