നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മലേഷ്യയ്ക്ക് പോയിട്ടില്ലെന്നതിന് തെളിവുകള്‍. സമീപകാലത്ത് സാബിത്ത് യാത്ര ചെയ്തത് യുഎഇയിലേക്കു മാത്രമെന്നാണ് പാസ്പോര്‍ട്ട് രേഖകളിലുള്ളത്. വവ്വാലുകളില്‍ വൈറസ് ബാധ കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെയാണ് സാബിത്തിന്റെ വിദേശയാത്രയെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്.
പാസ്പോര്‍ട്ട് രേഖ അനുസരിച്ച് സാബിത്ത് ദുബായിലേക്കാണ് യാത്ര ചെയ്തത്. 2017 ഫെബ്രുവരി 13ന് ദുബായിലേക്ക് പോയ സാബിത്ത് ആറു മാസക്കാലം അവിടെയുണ്ടായിരുന്നു. മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. ഈ സാഹചര്യത്തിലാണ് യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ തീരുമാനിച്ചത്.
സാബിത്തിന്റെ സഹോദരന് സാലിഹും മലേഷ്യയില്‍ പോയിട്ടില്ലെന്നു പാസ്പോര്‍ട്ടില്‍നിന്ന് മനസ്സിലായിട്ടുണ്ട്. ഇതിനു പുറമെ, മരിച്ച നഴ്സ് ലിനിയുടെ വിദേശയാത്രകളും അന്വേഷണത്തിനു വിധേയമാക്കുന്നുണ്ട്. ലിനിയുടെ ഭര്‍ത്താവ് സജീഷിനോട് ഇതു സംബന്ധിച്ച് പൊലീസ് അന്വേഷിച്ചതായും വിവരമുണ്ട്.