ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്. ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസില്‍ വിജ്ഞാപനം പതിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമാകുന്നത്. ഈ മാസം പത്താണ് പത്രിക നല്‍കാനുള്ള അവസാന തീയതി.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകമാറും ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന് പിള്ളയും ഏഴിന് പത്രിക നല്‍കിയേക്കും. ഒന്‍പതിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ പത്രികാസമര്‍പ്പണം.
പതിനൊന്നാം തീയതിയാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. 14 വരെ നോമിനേഷനുകള്‍ പിന്‍വലിക്കാം. പത്രികാ സമര്‍പ്പണ സമയം ഒരു സ്ഥാനാര്‍ഥിക്കൊപ്പം നാലു പേര് മാത്രമേ പാടുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്.