കൊല്ലം: സിപിഐ ദേശീയ കൗണ്‍സില്‍ കൈയടക്കി കാനം രാജേന്ദ്രന് പക്ഷം. സി.ദിവാകരനെ അടക്കം നാല് പേരെ ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി. ദിവാകരനെ കൂടാതെ സത്യന് മൊകേരി, സി.എന്‍.ചന്ദ്രന്, കമലാ സദാനന്ദന് എന്നിവരെയാണ് ഒഴിവാക്കിയത്. ഇസ്മായില്‍ പക്ഷക്കാര്‍ക്കെതിരായ ഈ നടപടിയോടെ പാര്‍ട്ടിക്കകത്തെ കാനം- ഇസ്മായില്‍ പോര് മറനീക്കി പുറത്ത് വന്നു.
കേരളത്തില്‍നിന്ന് അഞ്ച് പുതിയ ആളുകളെയാണ് ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇ ചന്ദ്രശേഖരന്, കെ പി രാജേന്ദ്രന്, എന്‍ അനിരുദ്ധന്, പി വസന്തം, എന്‍ രാജന് എന്നിവരാണ് കൗണ്‍സിലിലെ പുതുമുഖങ്ങള്‍.
അതേസമയം ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി വ്യക്തമാക്കി സി. ദിവാകരന് രംഗത്തെത്തി. തനിക്ക് ഗോഡ്ഫാദര് ഇല്ലെന്നും ആരുടേയും സഹായത്തോടെ കമ്മിറ്റികളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിവാകരന് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രതിനിധി യോഗത്തില്‍ നിന്നും ദിവാകരന് വിട്ടുനില്‍ക്കുകയും ചെയ്തു.