ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസിന്റെ അര്‍ദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. ഇരയുടെയും കുടുംബത്തിന്റെയും ശക്തമായ പ്രതിഷേധത്തിനൊടുവിലായിരുന്നു എംഎല്‍എയ്ക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
രാത്രി 11 മണിയോടെയാണ് ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസിന്റെ അര്‍ദ്ധരാത്രി മാര്‍ച്ച് ആരംഭിച്ചത്. കത്ത്വ, ഉന്നാവോ സംഭവങ്ങള്‍ ഉയര്‍ത്തിയാണ് രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. അര്‍ദ്ധരാത്രിയില്‍ പോലും മെഴുകുതിരിയും പ്ളക്കാര്‍ഡുകളുമായി നൂറുകണക്കിന് പേര് മാര്‍ച്ചില്‍ പങ്കെടുത്തു.
മാര്‍ച്ച് ഇന്ത്യാഗേറ്റിലേക്ക് എത്തുന്നത് തടയാന്‍ പൊലീസ് ബാരിക്കേഡ് തീര്‍ത്തെങ്കിലും അത് മറികടന്ന് അമര്‍ ജവാന് ജ്യോതിവരെ എത്തിയ പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കി. പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമം രാഷ്ട്രീയ വിഷയമല്ല മറിച്ച് ദേശീയ വിഷയമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പുറമെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അംബികാസോണി, അശോക് ഖേലോട്ട്, അഹമ്മദ്പട്ടേല്‍ തുടങ്ങിയ നേതാക്കളും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.