തിരുവനന്തപുരം: കീഴാറ്റൂരിലെ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്. വികസനവിരുദ്ധര്‍ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് രാവിലെ നിയമസഭയിലാണ് വയല്‍ക്കിളികള്‍ക്കെതിരായ മന്ത്രിയുടെ പ്രസ്താവന. കീഴാറ്റൂരില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ മന്ത്രി നേരത്തേയും രംഗത്തെത്തിയിരുന്നു.
കീഴാറ്റൂരില്‍ സമരം ചെയ്യുന്നവരുടെ സമരപ്പന്തല്‍ കത്തിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. കത്തിക്കുന്നതിന് കൂട്ടു നില്‍ക്കുന്നതാണോ പോലീസിന്റെ ജോലിയെന്ന് പ്രതിപക്ഷം ചോദിച്ചു.
ഇതിന് മറുപടിയായാണ് കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ കഴുകന്മാരാണെന്ന് ജി സുധാകരന് പ്രസ്താവിച്ചത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരത്തിനുണ്ടെന്നും മന്ത്രി ആരോപിച്ചു.