Home app

കേരളത്തിലെ എംഎല്‍എമാരുടെ ശമ്പളം ആനക്കാര്യമാണോ? കണക്കുകള്‍ ഇങ്ങനെ..

കമലേഷ് തെക്കേകാട്‌

കേരളത്തിലെ എംഎല്‍എമാരുടെ ശമ്പളം വലിയ ആനക്കാര്യമാണെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ കരുതും പോലെ ഭീകരന്മാരല്ല കേരളത്തിലെ എംഎല്‍എമാരും മന്ത്രിമാരും. ശമ്പളത്തിന്റെ കാര്യമെടുത്താല്‍ രാജ്യത്തെ 31 സംസ്ഥാനങ്ങളില്‍ 25ാം സ്ഥാനം മാത്രമാണ് കേരളത്തിനുള്ളത്. ബാക്കിയുള്ള 24 സംസ്ഥാനങ്ങളിലെയും എംഎല്‍എമാര്‍ കേരളത്തിലെ എംഎല്‍എമാരെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നുണ്ട് എന്നര്‍ത്ഥം.

രാജ്യമൊട്ടാകെയൊന്ന് കറങ്ങി നമുക്ക് ചില കണക്കുകള്‍ പരിശോധിക്കാം. രാജ്യത്ത് നിയമസഭാ സാമാജികര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന സംസ്ഥാനം തെലങ്കാനയാണ്. 2,50,000 രൂപയാണ് തെലങ്കാനയിലെ ഒരു എംഎല്‍എ പ്രതിമാസം ശമ്പളമായി കൈപ്പറ്റുന്നത്. തൊട്ടുതാഴെ 2,10,000 രൂപ ശമ്പളം നല്‍കുന്ന ഡല്‍ഹിയും മദ്ധ്യപ്രദേശുമുണ്ട്. ഒന്നാം സ്ഥാനത്തെത്താന്‍ ഡല്‍ഹി ഒന്നാഞ്ഞുപിടിച്ചതായിരുന്നു, പക്ഷേ നടന്നില്ല. സമീപഭാവിയില്‍ ലക്ഷ്യം കൈവരിക്കാന്‍ ഡല്‍ഹിക്കാവുമെന്ന് പ്രത്യാശിക്കാം.

കാശിന്റെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്ന വിദ്വാന്മാരെയും കാണാതെ പോകാനാവില്ല. രാജ്യത്ത് എറ്റവും കുറവ് ശമ്പളം വാങ്ങുന്ന എംഎല്‍എമാരുള്ളത് ത്രിപുരയിലും അരുണാചല്‍ പ്രദേശിലും മേഘാലയയിലുമാണ്. യഥാക്രമം 25890, 25000, 27700 എന്നിങ്ങനെയാണ് ഇവിടങ്ങളിലെ എംഎല്‍എമാരുടെ ശമ്പളനിരക്ക്. നിയമസഭാ സാമാജികര്‍ ഏറ്റവും കുറവ് ശമ്പളം വാങ്ങുന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങള്‍ ഇടത് ഭരണം നിലനിന്നിരുന്ന ത്രിപുരയും പശ്ചിമ ബംഗാളും പിന്നെ കേരളവുമാണ്. ഇത്രയും കാലമായിട്ടും ഇവിടുത്തെ എംഎല്‍എമാര്‍ കലാപമൊന്നും നടത്തിയില്ലല്ലോയെന്ന് ആശ്വസിക്കാം. ത്രിപുരയിലെ രാഷ്ടീയ സാഹചര്യമാകെ മാറിയ നിലയ്ക്ക് ഇവിടുത്തെ എംഎല്‍എമാരുടെ കാര്യത്തിലെങ്കിലും പുരോഗതി പ്രതീക്ഷിക്കാം.

നമ്മുടെ തൊട്ടടുത്തുള്ള അയല്‍ക്കാരുടെ കാര്യങ്ങളെങ്ങനെയെന്ന് കൂടി പരിശോധിച്ചുനോക്കാം. കേരളത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം 1,17,000 രൂപയാണ്. ഞെട്ടണ്ട, മഹാരാഷ്ടയിലിത് 1,60,000 രൂപയും കര്‍ണാടകത്തില്‍ 80,000 രൂപയുമാണ്. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള ഉത്തര്‍പ്രദേശി(403)ല്‍ 1,87,000 രൂപയും ഏറ്റവും കുറവ് എംഎല്‍എമാരുള്ള കേന്ദ്രഭരണ പ്രദേശം കൂടിയായ പുതുച്ചേരി(30)യില്‍ ഇത് 1,05,000 രൂപയുമാകുമ്പോള്‍ എന്താണ് ശമ്പളം നിര്‍ണയിക്കുന്നതിലെ മാനദണ്ഡങ്ങള്‍ എന്ന കാര്യവും ഗൗരവതരമായ ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടതുണ്ട്.

ഇനി വീണ്ടും കേരളത്തിലേക്ക് വരാം. ഇന്ത്യയില്‍ ഏറ്റവും കുറവ് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നത് കേരളത്തിലെ നിയമസഭാ സാമാജികര്‍ക്കാണ്. നിലവില്‍ ശമ്പളവും അലവന്‍സുമായി 39,500 രൂപയാണ് എംഎല്‍എമാര്‍ക്കു ലഭിക്കുന്നത്. പുതിയ വര്‍ധനവ് അനുസരിച്ച് എംഎല്‍എമാരുടെ ശമ്പളം അറുപത്തിരണ്ടായിരമാകും. മന്ത്രിമാരുടെ ശമ്പളം ഒരുലക്ഷത്തി മുപ്പത്തേഴായിരമാക്കാനും എംഎല്‍എമാരുടെ ശമ്പളം തൊണ്ണൂറ്റിരണ്ടായിരമാക്കാനുമായിരുന്നു ജെയിംസ് കമ്മീഷന്റെ ശുപാര്‍ശ. എന്നാല്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അതേപടി അനുരിച്ചല്ല സര്‍ക്കാര്‍ ബില്‍ തയ്യാറാക്കിയത്. എംഎല്‍എമാരുടെ ശമ്പളവര്‍ധനവിനെ വിമര്‍ശനബുദ്ധിയോടെ സമീപിക്കുന്നവര്‍ ഇത്തരം കണക്കുകള്‍ പരിശോധിക്കുന്നതിനൊപ്പം എംഎല്‍എമാരുടെ ശമ്പളത്തിലെ ദേശീയ ശരാശരി ഒരുലക്ഷം രൂപയാണെന്ന വസ്തുത മനസിലാക്കുകയും വേണം.

അനേകായിരങ്ങള്‍ ഇന്നും ദരിദ്രനാരായണന്മാരായി ജീവിക്കുന്ന ഉത്തര്‍പ്രദേശിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും എംഎല്‍എമാര്‍ ലക്ഷങ്ങള്‍ ശമ്പളമായി വാങ്ങുമ്പോള്‍ ആളോഹരി വരുമാനത്തിലും ജീവിതനിലവാരത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ തുച്ഛമായ ശമ്പളം വാങ്ങുന്ന നമ്മുടെ എംഎല്‍എമാരോട് അല്‍പ്പം സഹാനുഭൂതി കാണിക്കേണ്ടതില്ലേ? എട്ട് മണിക്കൂര്‍ കിറുകൃത്യം ജോലി ചെയ്ത് മോശമല്ലാത്ത ശമ്പളം വാങ്ങുന്ന കേരളീയന്‍ 24 മണിക്കൂറും സ്വയം സന്നദ്ധമായി പൊതുജീവിതം നയിക്കുന്നവര്‍ക്ക് അറുപത്തിരണ്ടായിരം ശമ്പളം ലഭിക്കുന്നതില്‍ അലോസരപ്പെടേണ്ടുണ്ടോ? മറ്റൊരു ജോലിയും ചെയ്യരുതെന്നും ഏതു പ്രശ്‌നത്തിലും ആദ്യമോടിയെത്തണമെന്നും നാം വാശി പിടിക്കുന്ന ജനപ്രതിനിധികളോട് ഇങ്ങനെയൊക്കെ ചെയ്യാമോ?

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top