ഓണ്‍ലൈന്‍ ടാക്സി രംഗത്ത് വന്‍മാറ്റത്തിന് നാന്ദി കുറിച്ച യൂബര്‍, ഭക്ഷണവിതരണ കമ്പനിയുമായി കൊച്ചിയില്‍ സജീവമായി. യൂബര്‍ ഈറ്റ്സ് എന്ന പേരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം വീട്ടിലെത്തിക്കുന്ന പുതിയ മൊബൈല്‍ ആപ്പ് സംവിധാനം കേരളത്തിലാദ്യമായി കൊച്ചിയിലാണ് ആവിഷ്ക്കരിച്ച് നടപ്പാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 10 പ്രമുഖനഗരങ്ങളില് വിജയകരമായി നടപ്പാക്കിയ യൂബര്‍ ഈറ്റ്സ് പദ്ധതിയനുസരിച്ച് തെരഞ്ഞെടുത്ത ഹോട്ടലില്‍ നിന്നുള്ള വ്യത്യസ്ത ഭക്ഷണം യൂബര്‍ കൊറിയര്‍ പാര്‍ട്നര്‍മാര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥലങ്ങളില്‍ എത്തിക്കും.
എറണാകുളത്തെ 200ഓളം ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണവിഭവങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ ആപ്പ് വഴി തെരഞ്ഞെടുക്കുന്ന ഭക്ഷണം യൂബര്‍ ഈറ്റ്സ്ന്റെ സ്വന്തം ഡെലിവറി ബോയ്സ് ഉപഭോക്താക്കള്‍ പറയുന്ന സ്ഥലത്തെത്തിക്കും. ഓരോ ഡെലിവറിക്കും 25 രൂപയാണ് യൂബര്‍ ഈറ്റ്സ് സര്‍വ്വീസ് ചാര്‍ജായി ഈടാക്കുന്നത്. ഇതിന് പുറമെ ഓര്‍ഡറിന് ഹോട്ടലുകള്‍ യൂബര്‍ ഈറ്റ് കമ്പനിക്ക് കമ്മീഷനും നല്‍കും. കാലത്ത് 8 മണിമുതല്‍ രാത്രി 1 മണിവരെ സേവനം ലഭിക്കുമെന്ന് യൂബര്‍ ഈറ്റ്സ് അധികൃതര്‍ കേരളവിഷനോട് പറഞ്ഞു.
ഹോട്ട് കെയ്സുകളില്‍ ഭക്ഷണമെത്തിക്കുന്നതിനാല് ചൂടോടെ തന്നെ വിഭവങ്ങള്‍ ലഭിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. 300ഓളം കൊറിയര്‍ പാര്‍ട്നര്‍മാരെ യൂബര്‍ ഈറ്റ്സ് കമ്പനി ഇതിനോടകം കൊച്ചിയില്‍ നിയമിച്ച് കഴിഞ്ഞു. കൊച്ചിക്ക് പുറമെ കേരളത്തിലെ മറ്റ് നഗരങ്ങളിലും താമസിയാതെ യൂബര്‍ ഈറ്റ്സ് നിലവില്‍ വരും.