പണം മാത്രമല്ല സ്വര്‍ണ്ണനാണയവും വജ്രാഭരണവുമെല്ലാം നീരവ് മോദി പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ തലപ്പത്തുളള ചില ഉദ്യോഗസ്ഥര്‍ക്ക് വാരിക്കോരി നല്‍കിയെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട്. ഇതിനോടകം പതിനാല് പേരെയാണ് പഞ്ചാബ് നാഷ്ണല്‍ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ മുംബൈയിലെ ഫോറെക്സ് വിഭാഗം മാനേജര്‍ യശ്വന്ത് ജോഷിക്ക് 30 ഗ്രാം വീതമുളള രണ്ട് സ്വര്‍ണനാണയവും ഓരോ സ്വര്‍ണ്ണ, വജ്ര കമ്മലും പാരിതോഷികമായി നീരവ് മോദി സമ്മാനിച്ചു.
ഈ പാരിതോഷികമെല്ലാം യശ്വന്ത് ജോഷിയുടെ മുംബൈയിലുളള വസതിയില്‍ നിന്ന് സിബിഐ ഇന്നലെ കണ്ടെടുത്തിരുന്നു. മോദിയില്‍ നിന്ന് സ്വര്‍ണ,വജ്രാഭരണങ്ങള്‍ അടങ്ങുന്ന പാരിതോഷികങ്ങള്‍ വാങ്ങിയ ശേഷമാണ് പഞ്ചാബ് നാഷ്ണല്‍ ബാങ്കിലെ ചില ഉദ്യോഗസ്ഥര്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിനെ ഒറ്റുകൊടുത്തതെന്ന് ഇതോടെ വ്യക്തമായിരിക്കയാണ്. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ തട്ടിപ്പിന്റെ സൂത്രധാരന്‍ നീരവ് മോദിയും അദ്ദേഹത്തിന്റെ അമ്മാവന് മെഹുല്‍ ചോക്സിയും ചേര്‍ന്നാണ് പിഎന്‍ബി തട്ടിപ്പ് ആവിഷ്കരിച്ച് നടപ്പാക്കിയത്.