കൊച്ചി ; കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മാതാപിതാക്കള്‍ നല്‍കിയ കത്ത് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറി. ശുഹൈബിനോട് സി.പി.എമ്മിനുള്ള രാഷ്ട്രീയ വിരോധവും തീരാത്ത കുടിപ്പകയും അസഹിഷ്ണതയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മാതാപിതാക്കള്‍ കത്തില്‍ സൂചിപ്പിക്കുന്നു.
കൊലപാതകം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും കേസന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് സി.പി.എമ്മിന്റെ ഇടപെടല്‍ കാരണമാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്തുന്നതിനോ മുഴുവന്‍ പ്രതികളെ തിരിച്ചറിയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്തെന്ന് അവകാശപ്പെട്ടുന്ന റിജില്‍ രാജ്, ആകാശ് എന്നിവരെ സി.പി.എം നേതാക്കള്‍ തന്നെ പൊലീസില്‍ ഹാജരാക്കിയതാണെന്ന നേതാക്കളുടെ പ്രസ്താവന സി.പി.എമ്മുമായി പ്രതികള്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും ജില്ലാ സെക്രട്ടറി പി.ജയരാജനുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഇത് സ്വതന്ത്രമായ കേസന്വേഷണത്തിന് തടസമാകുമെന്നും കത്തില്‍ പറയുന്നുണ്ട്.