സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിച്ചു. പെന്ഷന് പ്രായം കൂട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പെന്ഷന് പ്രായം കൂട്ടാന്‍ നീക്കം നടക്കുന്ന വാര്‍ത്ത പുറത്തുവരുകയും പിന്നീടിത് വിവാദമാവുകയും ചെയ്തതോടെയാണ് നീക്കം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പെന്ഷന് പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റേ കാലത്തേ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. എന്നാല്‍ യുവാക്കള്‍ക്ക് തൊഴിലവസരം കുറയുമെന്ന കാരണം ചൂണ്ടിക്കാട്ടി യുഡിഎഫ് സര്‍ക്കാര്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണയും യുവാക്കളുടെ എതിര്‍പ്പ് കണക്കിലെടുത്താണ് പെന്ഷന് പ്രായം ഉയര്‍ത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെയാണ് പെന്ഷന് പ്രായം കൂട്ടുന്നത് മുന്നണിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജോയിന്റ് കൗണ്‍സിലിന്റെ ഫയല്‍ സര്‍ക്കാര്‍ തീര്‍പ്പാക്കിയത്. സര്‍വീസ് തീരാറായ ഒരു വിഭാഗം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിലപാട് തിരിച്ചടിയായെങ്കിലും തൊഴില്‍രഹിതരായ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ തീരുമാനം.