Home app

ട്രൂഡിനെ മോഡി അവഗണിച്ചോ…?

ലോക നേതാക്കളെ എവിടെക്കണ്ടാലും ഓടിച്ചെന്ന് വാരിപ്പുണരുന്ന നമ്മുടെ പ്രധാനമന്ത്രിക്ക് ഇതെന്ത് പറ്റി ? പ്രോട്ടോക്കോളുകള്‍ പോലും കാറ്റില്‍പ്പറത്തി സ്വകാര്യ സുഹൃത്തിനെയെന്ന പോലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഊഷ്മളാലിംഗനത്താല്‍ സ്വാഗതമരുളിയ അതേ പ്രധാനമന്ത്രിതന്നെയല്ലേ ഇന്ത്യയ്ക്കിപ്പോഴും ഉള്ളത്…? മറ്റേതു നേതാക്കള്‍ ഇന്ത്യയിലെത്തിയാലും വിമാനത്താവളത്തിലെത്തി സ്വാഗതം ചെയ്യുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡിനെ അവഗണിച്ചത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രിക്ക് തണുപ്പന്‍ സ്വീകരണമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നാണ് ആരോപണം. ജസ്റ്റിന്‍ ട്രൂഡിനെ സ്വീകരിക്കാന്‍ മോഡി വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. പകരം കേന്ദ്ര കാര്‍ഷിക സഹമന്ത്രി ഗജേന്ദ്ര ഷെഖാവത്താണ് ട്രൂഡിനെ സ്വീകരിച്ചത്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

ട്രൂഡിനും കുടുംബത്തിനും ഗുജറാത്ത് വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം

ലോക നേതാക്കളുമായി മോഡി സൂക്ഷിക്കുന്ന ബന്ധവും മോഡിയുടെ ആലിംഗന നയതന്ത്രവും ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിഷയമായതാണ്. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന നേതാക്കളെ സ്വാഗതം ചെയ്ത് മോഡി ട്വീറ്റ് ചെയ്യുന്നതും പതിവാണ് എന്നാല്‍ ട്രൂഡിന്റെ സന്ദര്‍ശനത്തില്‍ അതും ഉണ്ടായില്ല. കനേഡിയന്‍ മാധ്യമങ്ങളില്‍ വിഷയത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യമാണ് വിഷയത്തിന് ലഭിച്ചിരിക്കുന്നത്.

മറ്റ് ലോക നേതാക്കള്‍ക്കും ട്രൂഡിനും ഇന്ത്യയില്‍ ലഭിച്ച സ്വീകരണം

ട്രൂഡും കുടുംബവും ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ എത്തിയിരുന്നു. എന്നാല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. പിന്നീട് ട്രൂഡും കുടുംബവും താജ്മഹലും സന്ദര്‍ശിച്ചു. നരേന്ദ്ര മോഡിയുടെ ജന്മനാടായ ഗുജറാത്തിലെ സബര്‍മതി ആശ്രമം ട്രൂഡ് സന്ദര്‍ശിച്ചപ്പോഴും പ്രധാനമന്ത്രി കൂടെയുണ്ടായിരുന്നില്ല.

ട്രൂഡും കുടുംബവും ഗാന്ധി നഗറിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍

എന്നാല്‍ വിവാദങ്ങളില്‍ കഴമ്പില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ സന്ദര്‍ശനം നടത്തുകയാണ് മോഡിയിപ്പോള്‍. അതിനാലാണ് ട്രൂഡിനൊപ്പം ഗുജറാത്തിലേക്ക് പോകാന്‍ കഴിയാത്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഏഴ് ദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാനമാണ് നേതാക്കളുമായി ട്രൂഡിന്റെ കൂടിക്കാഴ്ച നടത്തുക. ഇത് നേരത്തേ തീരുമാനിച്ചതാണ്. അതിനാല്‍ത്തന്നെ ഇപ്പോഴത്തെ വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

ട്രൂഡും കുടുംബവും സബര്‍മതി ആശ്രമത്തില്‍ നൂല്‍ നൂല്‍ക്കുന്നു

ജസ്റ്റിന്‍ ട്രൂഡിന്റെ ബുധനാഴ്ചത്തെ പഞ്ചാബ് സന്ദര്‍ശനമാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദറും കാനഡയും തമ്മിലുള്ള ഭിന്നതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. സുവര്‍ണ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സ്വീകരിക്കാന്‍ എത്തുമോയെന്നതാണ് ചര്‍ച്ചയാകുന്നത്. 2017 ഏപ്രിലില്‍ കാനഡയിലെ ആദ്യ സിക്ക് പ്രതിരോധ മന്ത്രിയും പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശിയുമായ ഹര്‍ജിത് സിംഗ് സജ്ജന്‍ പഞ്ചാബ് സര്‍ക്കാരില്‍ നിന്ന് മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആരും തന്നെ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. ഖാലിസ്ഥാന്‍ വാദം ഉന്നയിക്കുന്നവരെ ട്രൂഡും മറ്റ് മന്ത്രിമാരും അനുകൂലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രതിഷേധം. ഖാലിസ്ഥാന്‍ വാദികളോട് മൃദുസമീപനം പുലര്‍ത്തുന്നവരെ കാണില്ലെന്ന് അമരീന്ദര്‍ വ്യക്തമാക്കിയിട്ടുണ്ട്.

താജ്മഹാലിന് മുന്നില്‍

ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ട്രൂഡ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. പ്രതിരോധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും. ഖാലിസ്ഥാന്‍ വിഘടനവാദവും നേതാക്കളുടെ ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവമാധ്യമങ്ങളിലൂടെയുള്ള സജീവ ഇടപെടലിലൂടെ ലോക ജനതയ്ക്കാതെ സുപരിചിതനാണ് യുവനേതാവായ ട്രൂഡ്. സേവ്യര്‍,ഹദ്രീന്‍, എല്ല ഗ്രേസ്‌ എന്ന
തന്റെ മൂന്ന് മക്കളോടും ഭാര്യ സോഫിയയുമൊന്നിച്ചുള്ള ട്രൂഡിന്റെ ലോക സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ക്ക് ഏറെ ആരാധകരാണ് ഉള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top