Film News

കണ്ണിറുക്കുന്നത് വേശ്യകളെന്ന് റാസ അക്കാദമി ; പ്രിയ വാര്യര്‍ക്കും ഗാനത്തിനുമെതിരെ സുന്നി സംഘടന

നവമാധ്യമങ്ങളില്‍ തരംഗമായ മാണിക്യമലര്‍ പാട്ടും പ്രിയ വാര്യരും ഒറ്റ ദിവസം കൊണ്ട് പ്രശസ്തിയില്‍ നിന്നും വിവാദത്തിലേക്ക് കത്തിക്കേറുകയാണ്. ഗാനത്തിനെതിരെ റാസ അക്കാദമി മുംബൈ പോലീസില്‍ പരാതി നല്‍കി. കല്യാണ വീടുകളിലും മറ്റ് പല സാംസ്‌കാരിക വേദികളിലുമൊക്കെയായി നാലുപതിറ്റാണ്ടേറെയായി കേരളത്തില്‍ പാടിപ്പതിഞ്ഞ താളമാണ് മാണിക്യമലരായ പൂവി എന്ന ഗാനം. ഇതെ വരികളാണ് റീമിക്‌സ് ചെയ്ത് ഒമര്‍ ലുലു തന്റെ അഡാര്‍ ലവ് എന്ന പുതിയ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

എന്നാല്‍ സിനിമയിലെ ഗാനം ഇസ്ലാം മത വികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് റാസ അക്കാദമി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മോശമായ രീതിയിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നതെന്നും അതിനാല്‍ ചിത്രം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് റാസ അക്കാദമി പ്രമേയം പാസാക്കിയിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുന്നി മുസ്ലീം സംഘടനയാണ് റാസ അക്കാദമി. അക്കാദമി പരാതി മുംബൈ പോലീസ് കമ്മീഷണര്‍ക്കും സെന്‍സര്‍ ബോര്‍ഡിനും കൈമാറി.

പുരികക്കൊടിയുയര്‍ത്തിയുള്ള പ്രിയ പ്രകാശ് വാര്യരുടെ കുസൃതിയും
കൗതുകവുമുണര്‍ത്തുന്ന ഭാവ പ്രകടനങ്ങളാണ് പാട്ടിനെ ഇത്രയധികം ജനപ്രിയമാക്കിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ ഹിറ്റ് റേറ്റാണ് ഗാനത്തിന് നവമാധ്യമങ്ങളില്‍ ലഭിച്ചത്.

ഗാനരംഗത്ത് അവള്‍ കണ്ണിറുക്കുകയാണ്. വേശ്യകള്‍ മാത്രമാണ് ഇങ്ങനെ ചെയ്യുക. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബവുമായി ബന്ധപ്പെട്ട വേഷങ്ങള്‍ ചെയ്യുന്നവര്‍ അങ്ങനെ ചെയ്യില്ല എന്ന് റാസ അക്കാദമി സെക്രട്ടറി മൗലാന ഖലീല്‍ഉര്‍ റഹ്മാന്‍ നൂറി പറഞ്ഞു. നടി ആ കഥാപാത്രം ചെയ്യാന്‍ പാടില്ല. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ ഏത് മതത്തിലേയും വിശുദ്ധമായ കഥാപാത്രങ്ങളെ ഒരു നടിയും ചെയ്യാന്‍ പാടില്ല. അത് മതവികാരങ്ങളെ മുറിവേല്‍പ്പിക്കുമെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. അവള്‍ നഗ്നയായി നൃത്തംചെയ്യുന്നതോ പത്ത് പോരോട് കൂടെ കറങ്ങുന്നതോ, ഒന്നിച്ച് ഉറങ്ങുന്നതോ ഒന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല, ഞങ്ങളതില്‍ ഇടപെടുകയുമില്ല. പക്ഷെ ഞങ്ങളുടെ ബിംബങ്ങളെ തൊട്ട് വികാരങ്ങളെ മുറിപ്പെടുത്തരുത്. പത്മാവത് സിനിമയെപ്പറ്റി വലിയ വിവാദങ്ങള്‍ക്ക് രാജ്യം സാക്ഷിയായത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഞങ്ങള്‍ ന്യൂനപക്ഷമായതിനാല്‍ ഞങ്ങളുടെ വൈകാരികതയില്‍ തൊട്ട് കളിക്കാന്‍ അധികാരമുണ്ടെന്നാണ് ചിലര്‍ വിചാരിക്കുന്നത്. ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് അവരുടെ തോന്നല്‍. ഞങ്ങളെന്തെങ്കിലും ചെയ്താല്‍ ബുള്ളറ്റുകള്‍ കൊണ്ടാവും ഗവണ്‍മെന്റ്‌ ഞങ്ങളെ നേരിടുക. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഞങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗാനത്തിനെതിരെ ഞങ്ങള്‍ പ്രതിഷേധിക്കും. മാപ്പു പറഞ്ഞ് ഗാനം പിന്‍വലിച്ചില്ലെങ്കില്‍ തെരുവിലേക്ക് പ്രതിഷേധം നീളും. ആ കഥാപാത്രത്തേയും ഗാനത്തേയും ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടുവെന്നും റാസ അക്കാദമി സെക്രട്ടറി പറഞ്ഞു.

ഹൈദരാബാദിലും ഒരുകൂട്ടം യുവാക്കള്‍ ഗാനത്തിനെതിരെ പരാതി നല്‍കിയിരുന്നു. പരാതിക്കാരായ മുസ്ലീം യുവാക്കളോട് പാട്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ ഗാനം പരിഭാഷപ്പെടുത്തിയ ശേഷം മുസ്ലീം മതപണ്ഡിതരുടെ സഹായത്തോടെ പരിശോധിക്കാനാണ് ഫലക്നുമ പോലീസിന്റെ തീരുമാനം. അതിന് ശേഷം മാത്രമാകും കേസിന്റെ തുടര്‍നടപടികളിലേക്ക് പോലീസ് കടക്കുക.

മുഹമ്മദ് നബിയുടെ ജീവിതത്തിലെ ആദ്യ കാലഘട്ടത്തെ ആസ്പദമാക്കി ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി സംവിധാനം ചെയ്ത മെസ്സെഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിനെതിരേയും മുമ്പ് റാസ അക്കാദമി പ്രതിഷേധമുയര്‍ത്തിയിരുന്നു. ചിത്രത്തിന് സംഗീതം നല്‍കിയ എ.ആര്‍. റഹ്മാനെതിരെയും സംവിധായകനായ മജീദ് മജീദിയ്‌ക്കെതിരെയും റാസ അക്കാദമി ഫത്വ പുറപ്പെടുവിച്ചിരുന്നു. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും സംഘടന കത്തയക്കുകയും ചെയ്തിരുന്നു.

എന്നാല്‍, അതിരുകളില്ലാത്ത മാനവികസ്‌നേഹത്തിന്റെ സന്ദേശമാണ് ഗാനം നല്‍കുന്നതെന്നും പാട്ടിന്റെ വരികളെപ്പറ്റിയും നവമാധ്യമങ്ങളില്‍ തരംഗമാകുന്ന നടി പ്രിയ വാര്യരുടെ ഭാവങ്ങളെപ്പറ്റിയുംമൊക്കെയുള്ള വിവാദങ്ങള്‍ തീര്‍ത്തും അനാവശ്യമാണെന്നും അഡാര്‍ ലവിന്റെ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗാനം പിന്‍വലിക്കുകയാണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. ജനപിന്തുണ കണക്കിലെടുത്താണ് തീരുമാനം മാറ്റുന്നതെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒമര്‍ ലുലു വ്യക്തമാക്കി. കേസിനെ നിയമപരമായി നേരിടാനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

അതേസമയം, പാട്ടിനെ പ്രശംസിച്ചും ആര്‍എസ്എസിനെ വിമര്‍ശിച്ചും ഗുജറാത്തിലെ ദലിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി രംഗത്തെത്തി. ആര്‍എസ്എസിന്റെ വാലന്റൈന്‍സ് വിരുദ്ധതയിക്കുള്ള മറുപടിയാണ് പാട്ടെന്ന് മേവാനി ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങിങ്ങായിക്കാണുന്ന ചില പ്രതികരണങ്ങളല്ലാതെ കേരളത്തില്‍ പാട്ടിനെച്ചൊല്ലി ഇതുവരേയും വിവാദങ്ങളൊന്നും ഉണ്ടായിട്ടില്ല. പാട്ടിനെച്ചൊല്ലി ഇങ്ങനെയൊരു വിവാദം അനാവശ്യമാണെന്നാണ് മലയാളികളുടെ പക്ഷം. ഇസ്ലാം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന ആരോപണം ഉയരുന്നുവെന്ന് കഴിഞ്ഞ ദിവസം കേരളവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top