Entertainment

നബിയുടെ പാട്ട് വേണോ പിള്ളാര്‍ക്ക് പ്രേമിക്കാന്‍ !

‘മാണിക്യമലരായ പൂവി
മഹതിയാം ഖദീജബീവി
മക്കയെന്ന പുണ്യനാട്ടില്‍
വിലസിടും നാരീ….”

ഒപ്പനയ്‌ക്കൊപ്പം ഉയര്‍ന്നു കേള്‍ക്കുന്ന വടക്കന്‍ മലബാറിലെ നിക്കാഹ് വേളകളിലെ പതിവ് താളമാണിത്. മങ്ങലപ്പൊരകളില്‍ ബിരിയാണിച്ചെമ്പിന്റെ ദം പൊട്ടിക്കുന്നതിനേക്കാള്‍ ഹരമാണ് അവിടെ ഈ വരികളും താളവും.

മുഹമ്മദ് നബിയും ഖദീജ ബീവിയും തമ്മിലുള്ള പ്രണയം വര്‍ണിക്കുന്ന ഈ പാട്ട് എഴുതിയത് പിഎംഎ ജബ്ബാര്‍ സാഹിബ് ആണ്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെയും ഖദീജ(റ) ബീവിയുടെയും ചരിത്രം പ്രണയത്തെ വര്‍ണിക്കുന്ന മാപ്പിളഗാനങ്ങളില്‍ ആദ്യമേ ഇടം പിടിച്ചിട്ടുണ്ട്.

ഒപ്പനകളില്‍ ഖദീജക്കല്യാണം ഒരു മുഖ്യ ഇനമായിരുന്നു. മതത്തിന്റെ അതിരിടാനാകുന്നതല്ല മാപ്പിളപ്പാട്ടുകളുടെ ആസ്വാദ്യത. കലോത്സവ വേളകളിലും മറ്റ് കലാ സാംസ്‌കാരിക വേളകളിലും എന്തിന് പിന്നീടിങ്ങോട്ട് റിയാലിറ്റി ഷോകളിലും ഉള്‍പ്പെടെ വലിയ പ്രചാരമാണ് മാപ്പിളപ്പാട്ടുകള്‍ക്ക് ലഭിക്കുന്നത്. അതിന്റെ തനതായ ഈണവും താളവും തന്നെ കാരണം. മാപ്പിളപ്പാട്ടിനുള്ള ഇതേ ജനപ്രിയതയാണ് സിനിമാഗാനങ്ങളിലും അവയ്ക്ക് ഇടമൊരുക്കിയത്.

https://www.youtube.com/watch?v=SQ2nya-XzLQ

ഈ മാപ്പിളപ്പാട്ട് റീമിക്‌സ് ചെയ്ത് അവതരിപ്പിച്ച് കൈയടി നേടിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലുവും സംഘവും. അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലാണ് തരംഗമായ ഈ പാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്.

വലിയ ഹിറ്റ് റേറ്റാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ നവമാധ്യങ്ങളില്‍ ഗാനം നേടിക്കൊണ്ടിരിക്കുന്നത്. ഗാനം പുറത്തുവിട്ടതുമുതല്‍ ട്രോളന്മരും അതിന്റെ പുറകേയാണ്. രസകരങ്ങളായ നിരവധി ട്രോളുകളും ട്രോള്‍ വീഡിയേകളുമാണ് പാട്ടും അതിലെ രംഗങ്ങളും ഉപയോഗിച്ച് ആവിഷ്‌കരിച്ചിരിക്കുന്നത്.

അതേസമയം പാട്ടിനെപ്പറ്റി ഉയരുന്ന വിവാദങ്ങളും ചെറുതല്ല. കൗമാര പ്രണയ ചാപല്യങ്ങള്‍ ചിത്രീകരിക്കാന്‍ പ്രവാചകന്റെ വിശുദ്ധ പ്രണയം പറയുന്ന വരികള്‍ ദുരുപയോഗം ചെയ്തു എന്നാണ് ഒരു കൂട്ടരുടെ വാദം. പുണ്യമായ ഒരു പാട്ടിനെ മോശമായി ചിത്രീകരിച്ച് മതത്തെ അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഖദീജ(റ) യുടെ മരണം വരെ മറ്റൊരു സ്ത്രീയും നബിയുടെ ജീവിതത്തില്‍ ഇല്ലായിരുന്നു. പ്രവാചകന്‍ ഖദീജയെ പ്രണയിച്ചത് പോലെ മറ്റാരെയും പ്രണയിച്ചിരുന്നില്ല എന്നാണ് ചരിത്രം. പരിപാവനമായ ആ മാതൃകാ ജീവിതത്തെയാണ് കുട്ടിക്കളിയാക്കി അവഹേളിച്ചതെന്നും പാട്ടിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നു.

എന്നാല്‍ കാലാനുചിതമായ മാറ്റങ്ങളോടെ വന്ന ഗാനം തങ്ങളുടെ ഹൃദയം കവര്‍ന്നു എന്ന് തന്നെയാണ് വലിയൊരു വിഭാഗം ആസ്വാദകരുടേയും അഭിപ്രായം. അതേസമയം എരഞ്ഞോളി മൂസയെപ്പോലുള്ള മാപ്പിളപ്പാട്ടിന്റെ അതികായന്മാരുടെ ശബ്ദത്തില്‍ ശ്രവണമധുരം നല്‍കിയ പാട്ട് വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍ കുറച്ച് അരോചകമായിപ്പോയില്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

എന്തായാലും വിവാദങ്ങളെ അതിന്റെ വഴിക്ക് വിട്ട് മാണിക്യ മലരായ പൂവിയും അഡാര്‍ ടീനേജ് പിള്ളേരും കൂടി സോഷ്യല്‍മീഡിയ തകര്‍ത്തടുക്കുകയാണ്….

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top