Home app

പോലീസിന് കത്തെഴുതി കൂട്ട ആത്മഹത്യ

പൊലീസിന് കത്തെഴുതി അയച്ച ശേഷം തിരുവനന്തപുരം ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്തു. ശാസ്തമംഗലം പണിക്കേഴ്സ് ലൈനിലുള്ള സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി മകന്‍ സനത് എന്നിവരെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. ആത്മഹത്യ ചെയ്യുകയാണെന്നും ശവസംസ്‌ക്കാരത്തിനുള്ള പണം വീട്ടില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നും ബന്ധുക്കളെ വിവരം അറിയിക്കണം എന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഈ സ്ഥലത്താണ് താമസിക്കുന്നതെങ്കിലും ഇവര്‍ക്ക് അയല്‍ക്കാരുമായോ ബന്ധുക്കളുമായോ യാതൊരു ബന്ധവുമില്ല. മറ്റുള്ളവരുമായി ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാറില്ല. സിഎ എക്സാം പാസായിട്ടുള്ള സനതും ജോലിക്ക് പോകാതെ വീട്ടില്‍തന്നെ ഒതുങ്ങി കൂടും. ഇവര്‍ക്ക് കടുത്ത അന്ധവിശ്വാസം ഉള്ളതായി നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. ചില സ്വാമിമാരുടെ ആശ്രമങ്ങള്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടെന്നും രാത്രി വീട്ടില്‍നിന്ന് ശംഖ് ഊതുന്നതും മണിയടി ശബ്ദവുമൊക്കെ കേള്‍ക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം പൊലീസിന് അയച്ച ആത്മഹത്യാ കുറിപ്പില്‍ എന്തിനാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സൂചിപ്പിച്ചിട്ടില്ല. മറ്റൊരു കത്ത് കൂടി ഇവരുടെ വീട്ടില്‍നിന്ന് കിട്ടിയിട്ടുണ്ടെന്ന് വിവരമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top