Breaking News

പുതുവര്‍ഷ പുലരിയില്‍ പൊലിഞ്ഞത് 7 ജീവനുകൾ; അപകട പരമ്പര, മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

പുതുവര്‍ഷ പുലരിയില്‍ സംസ്ഥാനത്ത് അപകട പരമ്പര. ഞായറാഴ്ച പുലര്‍ച്ചെയും രാത്രിയിലുമായി വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ഏഴു പേര്‍ മരിച്ചു. പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. ആലപ്പുഴയില്‍ പോലീസ് ജീപ്പിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇടുക്കിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. കൊല്ലം ബീച്ചില്‍ പുതുവത്സരാഘോഷത്തിനിടെ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി.”

പത്തനംത്തിട്ടയില്‍ തിരുവല്ലയിലും ഏനാത്തുമായിട്ടാണ് അപകടമുണ്ടായത്. ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു രണ്ട് അപകടങ്ങളും. തിരുവല്ലയില്‍ ബൈക്കില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് രണ്ട് പേര്‍ മരിച്ചത്. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. തിരുവല്ലയില്‍ റെയില്‍വെ സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രി ഒന്നരയോടെയായിരുന്നു അപകടം. വീട്ടിലേക്കുള്ള യാത്രയില്‍ യുവാക്കള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ എതിര്‍ദിശയില്‍ വന്ന ടാങ്കര്‍ ലോറി ഇടിയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അരുണ്‍കുമാര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ തിരുവല്ലയില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏനാത്ത് പോലീസ് സ്റ്റേഷന് സമീപമായിരുന്നു രണ്ടാമത്തെ അപകടം. ഇലമങ്കലം സ്വദേശി തുളസീധരനാണ് മരിച്ചത്. ഇരുചക്രവാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചായിരുന്നു തുളസീധരന്‍ മരിച്ചത്.

ആലപ്പുഴ തലവടിയില്‍ പോലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്. കോട്ടയം കുമരകം സ്വദേശികളായ ജസ്റ്റിന്‍, അലക്സ് എന്നിവരാണ് മരിച്ചത്. ഡി.സി.ആര്‍.ബി. ഡിവൈ.എസി.പിയുടെ ജീപ്പാണ് ഇടിച്ചത്. നിയന്ത്രണം വിട്ട ജീപ്പ് വീട്ടിലേക്ക് ഇടിച്ചുകയറി മതില്‍ തകര്‍ത്തു. ഡ്രൈവര്‍ മാത്രമായിരുന്നു ജീപ്പിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് കോട്ടയത്തേക്ക് മടങ്ങുകയായിരുന്ന യുവാക്കളാണ് മരിച്ചത്.”

“ഇടുക്കി തിങ്കള്‍ക്കാടിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം സ്വദേശി മിന്‍ഹാജ് ആണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. വളാഞ്ചേരിയില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥികള്‍ വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങവെ പുലര്‍ച്ചെ 1.15-ഓടെയാണ് അപകടം.

ബസിനടിയില്‍പ്പെട്ടാണ് മിന്‍ഹാജ് മരിച്ചത്. ഏറെ വൈകിയാണ് ബസിനടിയില്‍നിന്ന് മൃതദേഹം പുറത്തെടുത്തത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

വയനാട് മേപ്പാടിയിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി, വയറിൽ ഗുരുതരമായി കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരണം.

മേപ്പാടി കർപ്പൂരക്കാട് വച്ചാണ് സംഭവം. ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മുർഷിദിന്റെ സുഹൃത്തായ സിദ്ധാർഥ് ഒരു കടയുടെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തിരുന്നു. ഇതു ചോദ്യം ചെയ്ത് രൂപേഷും സംഘവുമെത്തി. രൂപേഷ് ബൈക്കിന്റെ താക്കോൽ ഊരിയെടുത്തെറിഞ്ഞു. ഇതുചോദ്യം ചെയ്ത് മുർഷിദും മറ്റൊരു സുഹൃത്തായ നിഷാദും കൂടി സ്ഥലത്തെത്തി. പിന്നാലെ തർക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെ രൂപേഷ് മുർഷിദിന്റെ കുത്തുകയായിരുന്നു. നിഷാദിനും കുത്തേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്.

കൊല്ലത്ത് പുതുവര്‍ഷാഘോഷത്തിനിടെ കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാുംമൂട് സ്വദേശി അഖിലിനെയാണ് കാണാതായത്. ഞായറാഴ്ച രാത്രി 12.30-ഓടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഖില്‍ ബീച്ചിലെത്തിയത്. എന്നാല്‍ അഖില്‍ തിരയില്‍പ്പെട്ട കാര്യം സുഹൃത്തുക്കള്‍ വൈകിയാണ് അറിഞ്ഞത്. തുടര്‍ന്നാണ് കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങിയത്. ജെ.സി.ബി ഓപ്പറേറ്ററാണ് അഖില്‍.

കോഴിക്കോട് കുന്നുമ്മൽ വട്ടോളിയിൽ 8 മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്ത നിലയിൽ. 24 കാരിയായ വിസ്മയയാണ്  പെൺകുഞ്ഞുമായി കിണറ്റിൽ ചാടിയത്. കുടുംബ പ്രശ്നമാണ് മരണകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top