Ernakulam

ജനസാഗമായി തിരുവൈരാണിക്കുളം

കാലടി : തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നടതുറപ്പു മഹോത്സവദിനങ്ങളിലെ ഒരേയൊരു ഞായറാഴ്ചയായിരുന്ന ഇന്നലെ അഭൂതപൂര്‍വ്വമായ ഭക്തജനപ്രവാഹമാണുണ്ടായത്. തിരുവൈരാണിക്കുളം മാറമ്പിള്ളി, കാഞ്ഞൂര്‍ ഉള്‍പ്പെടെ ക്ഷേത്രത്തിലേക്കുള്ള വഴികളിലെല്ലാം ജനങ്ങള്‍ തിങ്ങിനിറഞ്ഞൊഴുകി. ശനിയാഴ്ച രാത്രി തന്നെ ക്ഷേത്രത്തിലും പരിസരങ്ങളിലുമായി ഭക്തര്‍ തമ്പടിച്ചിരുന്നു. തിരക്കില്‍ ശനിയാഴ്ച ദര്‍ശനം സാധ്യമാകാതിരുന്നവരും ഞായറാഴ്ച ദര്‍ശനം നടത്താന്‍ നേരത്തെ എത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

പുലര്‍ച്ചെ മൂന്നു മണിക്കു നടതുറന്നപ്പോള്‍ തന്നെ നടപ്പന്തലുകള്‍ നിറഞ്ഞിരുന്നു. നടതുറന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഭക്തജനങ്ങള്‍ക്കു കാത്തുനില്‍ക്കാനുള്ള മൂന്നു നടപ്പന്തലുകളും നിറഞ്ഞു കവിഞ്ഞു. മുന്നൂറു മീറ്റര്‍ അകലെയുള്ള പരമേശ്വരത്ത് കാവിലെ താല്‍ക്കാലിക കാത്തുനില്‍പ്പു കേന്ദ്രത്തിലേക്കു ഭക്തജനങ്ങളുടെ നിര നീണ്ടു. കാത്തുനില്‍ക്കുന്നവരുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഉച്ചപൂജയ്ക്ക് അര മണിക്കൂര്‍ സമയം മാത്രമാണ് നട അടച്ചത്. രാത്രി നട അടച്ചതും ഏറെ വൈകിയാണ്. ഏഴു മണിക്കൂര്‍ വരെ കാത്തുനിന്നശേഷമാണ് ദര്‍ശനം സാധ്യമായത്.

ഓണ്‍ലൈനില്‍ ദര്‍ശനം ബുക്ക് ചെയ്തവര്‍ക്കു വേണ്ടിയുള്ള വെര്‍ച്വല്‍ ക്യൂവിലും വന്‍ തിരക്കായിരുന്നു. മൂന്നു ദിവസം മുന്‍പേ ഓണ്‍ലൈന്‍ ബുക്കിങ് പരിധി കടന്നിരുന്നു. വെര്‍ച്വല്‍ ക്യൂ ഗ്രൗണ്ട് നിറയെ ജനങ്ങളുണ്ടായിരുന്നെങ്കിലും സമയബന്ധിതമായ ദര്‍ശനക്രമമായതിനാല്‍ തിരക്ക് നിയന്ത്രിക്കാനായി. രണ്ടു മണിക്കൂറോളമാണ് ഇവിടെ താമസമുണ്ടായത്. ക്യൂവില്‍ വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നതിനാല്‍ ഭക്തര്‍ക്കു ബുദ്ധിമുണ്ടായില്ല. കാത്തുനില്‍ക്കുന്നവര്‍ക്കു ക്യൂവില്‍ തന്നെ സൗജന്യമായി കുടിവെള്ളം എത്തിച്ചിരുന്നു. ലഘുഭക്ഷണവും ലഭ്യമാക്കിയിരുന്നു. ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ഉടന്‍ സമീപത്തെ ഗൗരി ലക്ഷ്മി മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു വൈദ്യ സഹായം നല്‍കി.

നടപ്പന്തലുകള്‍ക്കു സമീപം സജ്ജമാക്കിയിരുന്ന അഞ്ച് ആംബുലന്‍സുകളാണ് ഇതു സാധ്യമാക്കിയത്. ക്ഷേത്ര മതില്‍ക്കെട്ടിനകവും ജനനിബിഡമായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനും സെക്യൂരിറ്റി ജീവനക്കാര്‍ക്കും ക്ഷേത്ര വാളണ്ടിയേഴ്സിനും നന്നേ പരിശ്രമിക്കേണ്ടിവന്നു. പതിനായിരങ്ങളാണ് പട്ട്, താലി, പുടവ, ഇണപ്പുടവ, പറ വഴിപാടുകള്‍ അര്‍പ്പിച്ചത്. പട്ട്, താലി തുടങ്ങിയ വഴിപാടുകള്‍ കുറഞ്ഞ നിരക്കില്‍ ചെയ്യാനുള്ള കൗണ്ടര്‍ സൗകര്യം നടപ്പന്തലുകളില്‍ ഒരുക്കിയിരുന്നതു ഗുണകരമായി. അന്നദാനത്തിനും റെക്കോഡ് തിരക്കാണ് അനുഭവപ്പെട്ടത്. പതിവിലും വൈകിയാണ് അന്നദാനം അവസാനിപ്പിച്ചത്. രാവിലെ 9ന് അന്നദാനം ആരംഭിച്ചതു മുതല്‍ അവസാനം വരെ ഊട്ടുപുരയില്‍ ആളൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. ആയിരം കിലോ കുത്തരിയുടെ കഞ്ഞിയാണ് ഇന്നലെ വിളമ്പിയത്. നടന്‍ സുധീര്‍ കരമന, വിനു മോഹന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നീ പ്രമുഖര്‍ ദര്‍ശനത്തിനെത്തിയിരുന്നു.

ആഘോഷത്തിന്റെ തിരക്കില്‍ മലിന്യം കുന്നുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ക്ഷേത്ര ട്രസ്റ്റ് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഗ്രീന്‍പ്രോട്ടോക്കോള്‍ പിന്തുടരുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കൈക്കൊണ്ടത്. ശുചിത്വ പരിപാലന പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മുഴുവന്‍ സന്നാഹങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. എസ്.സി.എം.എസ് കോളജ് വിദ്യാര്‍ഥികള്‍ ഭര്‍ക്തര്‍ക്കിടയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മാലിന്യ ശേഖരണത്തില്‍ കര്‍മ്മനിരതരായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top