Ernakulam

ഹരിത സേനയുമായി കൈകോര്‍ത്ത് പോലീസ് സേനയും ; തിരുവൈരൈണിക്കുളം മാലിന്യ മുക്തം

കാലടി ; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെയും ശ്രീമൂലനഗരം പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തിരുവൈരാണിക്കുളം ഗ്രാമത്തില്‍ നടത്തിവരുന്ന ശുചിത്വ പരിപാലന യജ്ഞത്തിനു കയ്യുംകരുത്തുമായി ഇനിമുതല്‍ പൊലീസ് സേനയും. തിരുവൈരാണിക്കുളത്തു നടന്നുവരുന്ന ശുചീകരണ പ്രവത്തനങ്ങളില്‍ ഹരിത കര്‍മ്മ സേനയ്ക്കൊപ്പം മാലിന്യ ശേഖരണത്തിറങ്ങി പൊലീസ് സേന പങ്കാളിത്തം ഉറപ്പിച്ചു. കാക്കി യൂണിഫോമിനു മുകളില്‍ ഹരിത കര്‍മ്മ സേനയുടെ ‘നാടിനാപ്പം നന്മയ്ക്കൊപ്പം’ എന്ന മുദ്രാവാക്യമെഴുതിയ പച്ചക്കുപ്പാവുമിട്ടാണ് പോലീസ് സേന ശുചീകരണ ദൗത്യത്തിനിറങ്ങിയത്. തിരുവൈരാണിക്കുളം കൈലാസം പാര്‍ക്കിങ് ഗ്രൗണ്ടിനു സമീപമുള്ള മാലിന്യശേഖരണ യൂണിറ്റില്‍ നിന്ന് ആരംഭിച്ച ദൗത്യം പെരുമ്പാവൂര്‍ ഡിവൈഎസ്പി ജി. വേണു ഉദ്ഘാടനം ചെയ്തു. ശുചിത്വ പരിപാലന ദൗത്യത്തിന്റെ സാങ്കേതിക ഉപദേഷ്ടാവ് ജോസ് ജോസഫ് മൂഞ്ഞേലി, ശുചിത്വ കണ്‍വീനര്‍ കെ.കെ. ബാലചന്ദ്രന്‍, പഞ്ചായത്തംഗം എം.കെ. കലാധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഡിവൈഎസ്പിയുടെയും കാലടി സിഐ സജി മാര്‍ക്കോസ്, എസ്ഐ എന്‍എ അനൂപ്, എസ്ഐ വിന്‍സി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നൂറില്‍പരം വരുന്ന പുരുഷ, വനിതാ പൊലീസ് ഓഫീസര്‍ നിരത്തുകളിലേക്കിറങ്ങി.

ശുചിത്വപരിപാലന യജ്ഞത്തിന്റെ സന്നദ്ധ സേവകരായ എസ്.സി.എം.എസ് കോളജിലെ നൂറോളം വിദ്യാര്‍ഥികളും ഹരിതകര്‍മ്മ സേനാംഗങ്ങളും ഇവരെ അനുഗമിച്ചു. കുറ്റാന്വേഷകരുടെ മിടുക്കോടെ പ്ലാസ്റ്റിക് കിറ്റു മുതല്‍ മിഠായി കടലാസ് വരെ ചികഞ്ഞെടുത്തു ശേഖരിച്ചും മാലിന്യം വലിച്ചെറിയരുതെന്ന് ബോധവല്‍ക്കരിച്ചും മുന്നേറുന്ന പൊലീസ് ഓഫീസര്‍മാര്‍ ദര്‍ശനോത്സവത്തിനെത്തിയ സന്ദര്‍ശകരുടെ മനസു കവര്‍ന്നു. കാഴ്ച്ചക്കാരില്‍ പലരും പ്രോത്സാഹനവും പിന്തുണയുമായി കൂടെക്കൂടി. കയ്യടിച്ച് അഭിനന്ദിച്ച യുവാക്കളും കുട്ടികളും, അനുഗ്രഹ വാക്കുകള്‍ പറഞ്ഞ വയോജനങ്ങളുമടക്കം സേനാംഗങ്ങള്‍ക്കും ഇതൊരു പുത്തന്‍ അനുഭവമായി.

ക്ഷേത്രത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടുകളും ഭക്തര്‍ ദര്‍ശനം കാത്തുനില്‍ക്കുന്ന നടപ്പന്തലുകളും വിപണനമേള ഗ്രൗണ്ടിലും നിരത്തുകളുമെല്ലാം ഒരു ദിവസം നീണ്ട പ്രയത്നം കൊണ്ട് ദൗത്യ സംഘം വൃത്തിയാക്കി. ശുചീകരണത്തേക്കാളേറെ പൊലീസിന്റെ പങ്കാളിത്തം കൊണ്ട് തിരുവൈരാണിക്കുളം ശുചിത്വ പരിപാലന ദൗത്യത്തിനു പുത്തന്‍ ഉണര്‍വ് കൈവന്നിരിക്കുകയാണ്. വ്യക്തിശുചിത്വം പോലെതന്നെ പ്രധാനമാണ് പരിസര ശുചിത്വമെന്ന പദ്ധതിയുടെ സന്ദേശം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇതുവഴി സാധിച്ചു. ശുചിത്വപരിപാലന പദ്ധതിയുടെ ഭാഗമായി ഉത്സവാഘോഷങ്ങള്‍ക്ക് ഇത്തവണ ഗ്രീന്‍പ്രോട്ടോക്കോള്‍ ബാധകമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മൂന്നു വിഭാഗങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്സവത്തിന് ഭക്തരുമായി എത്തുന്ന വാഹനങ്ങളില്‍ എസ്.സി.എം.എസിലെ വിദ്യാര്‍ഥി സംഘം കയറിയിറങ്ങി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. പൊലീസിന്റെ സഹായവും ഇതിനു പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടാതെ ആരോഗ്യ വിഭാഗവും പഞ്ചായത്തും ചേര്‍ന്നുള്ള സ്‌ക്വാഡ് കടകളില്‍ കയറിയിറങ്ങി പരിശോധന നടത്തുന്നുണ്ട്. ഹരിത കര്‍മ്മ സേന രൂപീകരിച്ചു വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു വാങ്ങി ശേഖരിക്കുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക്, ചില്ല്, റബ്ബര്‍, തുണി, റെക്സിന്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി തരം തിരിച്ച് പുനരുപയോഗത്തിന് അയക്കാനാണ് ലക്ഷ്യമിടുന്നത്. 10 ലക്ഷം രൂപ ചിലവുവരുന്ന പദ്ധതിക്കായി തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റാണ് പണം മുടക്കുന്നത്. 600 കുടുംബങ്ങളും നൂറോളം സ്ഥാപനങ്ങളുമാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top