ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചക്കര ജോണി പിടിയിലായി. ജോണിയേയും കൂട്ടാളി രഞ്ജിത്തിനെയുമാണ് പിടികൂടിയത്. പാലക്കാട് നിന്നാണ് ഇവര്‍ പിടിയിലായത്. ഇരുവരെയും ചാലക്കുടി ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ചു.
ജോണിക്ക് കോടികളുടെ സമ്പാദ്യമുണ്ടെന്നും മൂന്നുരാജ്യങ്ങളിലെ വിസ ഉണ്ടെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ രാജ്യംവിടാനുള്ള സാധ്യത കണക്കിലെടുത്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ഇന്റര്‍പോളിന്റെ സഹായം തേടാനുമുള്ള നീക്കങ്ങള്‍ പോലീസ് നടത്തിയിരുന്നു.കൊരട്ടിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ജോണിയുടെ പാസ്പോര്ട്ടുകള് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ഈ പാസ്പോര്‍ട്ട് ഉപയോഗിച്ച് ജോണി രാജ്യം വിട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു.
കൊല നടത്തിയെന്ന് സംശയിക്കുന്ന നാലംഗ ക്വട്ടേഷന്‍ സംഘത്തെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.