കോഴിക്കോട് ദേശീയപാതയിലെ മണ്ണാര്‍ക്കാടിനടുത്ത് ചിരക്കല്പടി കൊറ്റിയോട് ഭാഗത്തുള്ള തകര്‍ന്ന കലുങ്ക് പുതുക്കിപ്പണിയാന്‍ നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി.സുധാകരന് അറിയിച്ചു. 80 വര്‍ഷത്തിലേറെ കാലപ്പഴക്കമുള്ള കലുങ്കിന്റെ സ്റ്റീല്‍ ഗര്‍ഡറുകള്‍ തുരുമ്പെടുത്ത് ജീര്‍ണ്ണാവസ്ഥയിലായതാണ് ഇത് തകരാന്‍ കാരണം.
മധ്യഭാഗത്തുള്ള സ്ളാബ് മാറ്റിപ്പണിയാനാണ് തീരുമാനിച്ചിട്ടുള്ളത്. ഗതാഗത യോഗ്യമല്ലാത്ത വിധം കലുങ്കിനു കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഗതാഗതം മറ്റു വഴികളിലൂടെ തിരിച്ചു വിട്ടിരിക്കുകയാണ്. നിലവില്‍ ഈ മേഖലയിലെ ദേശീയപാതയില്‍ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെക്കൊണ്ട് കലുങ്ക് പുതുക്കിപ്പണിയാന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഒരു മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും ഉപരിതലം പുതുക്കുന്നതിനുമായി 1500 കോടിയോളം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കിയിട്ടുള്ളതാണ്. ഉടന്‍ പ്രവൃത്തികള്‍ ആരംഭിക്കാന്‍ ജില്ലയിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയതായി മന്ത്രി അറിയിച്ചു