ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചാരണാര്‍ഥം കായികവകുപ്പ് സംഘടിപ്പിക്കുന്ന ‘വണ്‍ മില്യണ്‍ ഗോള്‍’ പരിപാടി ബുധനാഴ്ച നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ആദ്യഗോളടിച്ച് തുടക്കംകുറിക്കും. രാത്രി ഏഴുവരെ സംസ്ഥാനത്താകെ മൂവായിരത്തോളം കേന്ദ്രങ്ങളില്‍ ഫുട്ബോള്‍പ്രേമികള്‍ ‘ഗോള്‍മഴ’ പെയ്യിക്കും.
എറണാകുളത്ത് മമ്മൂട്ടി പങ്കെടുക്കും. ചലച്ചിത്രപ്രവര്‍ത്തകരായ ഫാസില്‍, രണ്‍ജി പണിക്കര്‍, കുഞ്ചാക്കോ ബോബന്, കായികതാരങ്ങളായ ഐ എം വിജയന്, സി വി പാപ്പച്ചന്, ടോം ജോസഫ്, കിഷോര്‍കുമാര്‍, പി യു ചിത്ര, പ്രീജ ശ്രീധരന്, ഷറഫ് അലി, സി കെ വിനീത്, റിനോ ആന്റോ എന്നിവര്‍ വിവിധ ജില്ലകളില്‍ ഗോളടിക്കും.
വൈകിട്ട് ഏഴിന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ടീമുകള്‍ ഏറ്റുമുട്ടുന്ന സെലിബ്രിറ്റി ഫുട്ബോള്‍ നടക്കും. തുടര്‍ന്ന് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫുട്ബോള്‍മത്സരവും ഉണ്ടാകും. കോഴിക്കോട്ട് മാധ്യമപ്രതിനിധികള്‍ തമ്മിലുള്ള ഫുട്ബോള്മത്സരവുമുണ്ട്.