Home app

നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാവും

കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ നാടകീയനീക്കവുമായി മോദിയും അമിത് ഷായും. കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാവും. ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ മന്ത്രിയുടെ പദവിയിലെത്തുന്ന ആദ്യവനിതയാണ് നിര്‍മ്മല സീതാരാമന്‍. മനോഹര്‍ പരീക്കര്‍ രാജിവെച്ച് ഒഴിഞ്ഞ വകുപ്പിന്റെ അധിക ചുമതല നിലവില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിയാണ് വഹിച്ചിരുന്നത്. അരുണ്‍ ജെയ്റ്റ്‌ലിയുടെ ധനമന്ത്രി സ്ഥാനത്തിന് മാറ്റമില്ല. മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിനു ടൂറിസം വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയാവും. ഇതോടൊപ്പം ഇലക്ട്രോണിക്സ്-ഐടി വകുപ്പില്‍ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിക്കും.

അഴിമതിരഹിത പ്രതിച്ഛായയാണ് രാജ്യരക്ഷാ പദവിയിലേക്ക് നിര്‍മലയ്ക്ക് വഴിതുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടേയും വിശ്വസ്തയായ നേതാവാണ് നിര്‍മ്മല സീതാരാമന്‍. നിര്‍മ്മല സീതാരാമന്‍ വഹിച്ചിരുന്ന വാണിജ്യമന്ത്രിസ്ഥാനം സുരേഷ് പ്രഭുവിന് ലഭിക്കും. സുരേഷ് പ്രഭുവിന് പകരം പീയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രിയാവും. രാജ്യമെങ്ങും ട്രെയിന്‍ അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ സ്ഥാനം ഒഴിയാന്‍ തയാറാണെന്നു റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു.

ഉമാഭാരതി കൈവശം വയ്ക്കുന്ന ജലവിഭവവും, ഗംഗാ ശുചീകരണവും ഏറ്റെടുക്കണമെന്ന് അടിസ്ഥാനസൗകര്യ വികസനമന്ത്രി നിതിന്‍ ഗഡ്കരിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം അത് സ്വീകരിച്ചേക്കും എന്നാണ് അറിയുന്നത്. നിലവില്‍ വാര്‍ത്തവിനിമയം,ടെക്സ്റ്റൈല്‍സ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്മൃതി ഇറാനിയില്‍ നിന്ന് ടെക്സൈറ്റല്‍ വകുപ്പ് എടുത്തുമാറ്റിയേക്കും.

ഹര്‍ദീപ് പുരിക്ക് നഗരവികസന സഹമന്ത്രയുടെ ചുമതല നല്‍കി. ആര്‍.കെ. സിങ്ങിന് ഊര്‍ജ വകുപ്പ് സഹമന്ത്രിയുടെ ചുമതലയും (സ്വതന്ത്രച്ചുമതല) നരേന്ദ്ര സിങ് തോമറിന് മൈനിങ് മന്ത്രാലയത്തിന്റെ ചുമതലയും നല്‍കി. ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന അരുണ്‍ ജെയ്?റ്റ്?ലിയുടെ കീഴില്‍ ശിവ പ്രതാപ് ശുക്‌ള സഹമന്ത്രിസ്ഥാനം കൈകാര്യം ചെയ്യും.

വിജയ് ഗോയലിനെ പാര്‍ലമെന്ററി കാര്യത്തിന്റ ചുമതലകള്‍, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ സഹമന്ത്രിയായി നിയമിച്ചു. അശ്വിനി കുമാര്‍ ചൗബേയെ ആരോഗ്യം, കുടുംബക്ഷേമം സഹമന്ത്രിയാക്കി. അനന്ത് കുമാര്‍ ഹെഗ്ഡെയെ സ്‌കില്‍ ഡെവല്പമെന്റ്, ഓന്‍ട്രുപ്രെനര്‍ഷിപ് സഹമന്ത്രിയാക്കി നിയമിച്ചു. ഗിരിരാജ് സിങിന് മൈക്രോ, സ്മോള്‍, മീഡിയം എന്റര്‍പ്രൈസെസ് സഹമന്ത്രി (സ്വതന്ത്രച്ചുമതല) ചുമതലകളും നല്‍കി.

കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന നാലു മന്ത്രിമാര്‍ക്ക് മന്ത്രിസഭാ പുനഃസംഘടനയില്‍ ക്യാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സഹമന്ത്രി പദവയില്‍നിന്നു നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്വി എന്നിവരാണു ക്യാബിനറ്റ് പദവിയോടെ മന്ത്രിമാരായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top