Home app

ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു ; മന്ത്രി എ കെ ബാലന്‍

ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി എ കെ ബാലന്‍. പട്ടികവിഭാഗക്കാരുടെയും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ജീവിത സുരക്ഷയ്ക്കും സാമൂഹ്യ ഉന്നമനത്തിനും ഉതകുന്ന പദ്ധതികളും പരിപാടികളുമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. പട്ടികവര്‍ഗക്കാര്‍ക്കുള്ള സൗജന്യ ഓണക്കിറ്റ്-ഓണക്കോടി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അടിമാലിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഒന്നരവര്‍ഷത്തെ സര്‍ക്കാരിന്റെ നടപടികള്‍ പിന്നോക്ക വിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ്. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ദുരിതങ്ങളെക്കുറിച്ച് സര്‍ക്കാരിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് അധികാരമേറ്റയുടന്‍ മഴക്കാലത്തെ പട്ടിണിമാറ്റാന്‍ 25 കോടി രൂപ അനുവദിച്ചത്. കഴിഞ്ഞവര്‍ഷം 82,103 പേര്‍ക്കും ഈ വര്‍ഷം 80,000 പേര്‍ക്ക് ആദ്യഘട്ടമായും ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്തു. ഇതിന്റെ ഭാഗമായി 55 ലക്ഷം പേരുടെ നാലു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി പെന്‍ഷനുകളും 4,400 രൂപ വീതം വിതരണംചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടികവര്‍ഗത്തില്‍പ്പെട്ട 1,55,471 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഓണക്കിറ്റുകള്‍ നല്‍കുന്നത്. 13.19 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 15 കിലോ അരി, ചെറുപയര്‍ (500 ഗ്രാം), പഞ്ചസാര (500 ഗ്രാം), മുളകുപൊടി (200 ഗ്രാം), ശര്‍ക്കര (500 ഗ്രാം), വെളിച്ചെണ്ണ (ഒരു കി.ഗ്രാം), ഉപ്പ് പൊടി (ഒരു കി.ഗ്രാം), പരിപ്പ് (250 ഗ്രാം), ചായപ്പൊടി (200 ഗ്രാം) എന്നിങ്ങനെ ആകെ 849 രൂപയുടെ സാധനങ്ങളാണ് സൌജന്യമായി നല്‍കുന്നത്.

ഓണക്കോടി 51,476 പേര്‍ക്ക് നല്‍കും. പുരുഷന്‍മാര്‍ക്ക് കസവ് കരയുള്ള ഡബിള്‍മുണ്ടും കസവുകരയുള്ള വെള്ളത്തോര്‍ത്തും, സ്ത്രീകള്‍ക്ക് കസവ് കരയുള്ള സെറ്റ്മുണ്ടും നേരിയതുമാണ് ഓണക്കോടി. പുരുഷന്‍മാര്‍ക്ക് ഒരാള്‍ക്ക് 670 രൂപയും സ്ത്രീകള്‍ക്ക് ഒരാള്‍ക്ക് 815 രൂപയുമാണ് ഓണക്കോടിക്ക് ചെലവിടുന്നത്.

പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഭക്ഷ്യസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓണക്കിറ്റ് നല്‍കുന്നത്. കിറ്റുകള്‍ കോളനികളില്‍ എത്തിച്ച് വിതരണംചെയ്യും. വിതരണത്തിന് നല്‍കുന്ന സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും ഉള്ളതാണെന്ന് സപ്‌ളൈകോ എംഡി ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഹാന്റെക്‌സ് മാനേജിങ് ഡയറക്ടര്‍ ഓണക്കോടിയുടെ ഗുണനിലവാരം ഉറപ്പുവരുത്തണം. കലക്ടര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും ഓണത്തിനുമുമ്പ് കിറ്റും ഓണക്കോടിയും വിതരണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top