Home app

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു

അഖില എന്ന ഹിന്ദു പെണ്‍കുട്ടി മതംമാറി ഹാദിയ എന്ന് പേര് സ്വീകരിക്കുകയും മുസ്ളിം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്ത സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ആരംഭിച്ചു. സുപ്രിംകോടതിയാണ് ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം തങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അന്വേഷണസംഘത്തലവന്‍ ശരത്കുമാര്‍ അറിയിച്ചു.

ഹാദിയയുടെ മതംമാറ്റത്തിലും വിവാഹത്തിലും തീവ്രവാദ സ്വഭാവമുള്ള ഇടപെടലുകള്‍ നടന്നെന്ന് പിതാവ് ആശോകനാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ഹൈക്കോടതി, ഹാദിയയും ഷഫിന്‍ ജഹാന്‍ എന്ന യുവാവും തമ്മിലുള്ള വിവാഹം റദ്ദു ചെയ്യുകയും പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയുമായിരുന്നു. ഹൈക്കോടതി നടപടിക്കെതിരേ ഷഫിന്‍ ജഹാനാണ് സുപ്രിംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും നിലപാട് തേടിയശേഷം എന്‍ഐഎ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു. 2008 സെപ്റ്റംബര്‍ 26 ന് നടന്ന മുംബൈ ഭീകാരക്രമണത്തിന്ശേഷമാണ് തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) രൂപീകരിച്ചത്.

ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ച ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ എന്‍ഐഎ അന്വേഷണത്തെ സുപ്രിംകോടതിയില്‍ എതിര്‍ത്തെങ്കിലും കോടതി കേന്ദ്രസര്‍ക്കാരിന്റെ കൂടി നിലപാട് ആരാഞ്ഞശേഷം അന്വേഷണം എന്‍ഐഎക്ക് വിടുകയായിരുന്നു. അന്വേഷണത്തെ ഷഫിന്‍ എതിര്‍ത്തതിന് സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഷഫിന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിനിടെ, വൈക്കത്ത് മാതാപിതാക്കള്‍ക്കൊപ്പം ഹാദിയ കഴിയുന്ന വീട്ടില്‍ ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ സന്ദര്‍ശനം നടത്തുകയും ഹാദിയയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യുകയും ചെയ്ത സംഭവം വിവാദമായിരുന്നു. മാധ്യമപ്രവര്‍ത്തകരെപോലും വീട്ടിലേക്ക് കടത്തിവിടാന്‍ വീടിന് കാവല്‍ നില്‍ക്കുന്ന പൊലീസ് തയാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ രാഹുല്‍ ഈശ്വറിന് വീട്ടില്‍ കയറാന്‍ അനുവാദം നല്‍കിയതാണ് വിവാദമായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top