Home app

മദനിക്ക് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയൊരുക്കുമെന്ന് മുഖ്യമന്ത്രി

സുപ്രീംകോടതി അനുവദിച്ച പ്രകാരം മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിനകത്തെ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും അതിനാല്‍ കര്‍ണാടക പൊലീസ് ആവശ്യപ്പെട്ട താങ്ങാനാവാത്ത തുക കുറച്ചുനല്‍കണമെന്നും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.

ബെംഗളൂരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മദനിക്ക് വൃദ്ധരായ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കിയിരുന്നു. ആഗസ്റ്റ് 9-ന് നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതിയും അനുമതി നല്‍കി. എന്നാല്‍ മദനിയുടെ കേരളത്തിലേക്കുളള യാത്രയ്ക്ക് സുരക്ഷാചെലവായി കര്‍ണാടക പൊലീസിന് 14.29 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.

2013-നും 2016-നും ഇടയ്ക്ക് മൂന്നു തവണ മദനി വിചാരണത്തടവുകാരനായി കേരളം സന്ദര്‍ശിച്ചിരുന്നു. ആദ്യ രണ്ടു തവണ പണമൊന്നും ഈടാക്കിയില്ല. മൂന്നാം തവണ അമ്പതിനായിരം രൂപ അടപ്പിച്ചു. ഇപ്പോള്‍ ചോദിക്കുന്ന തുക വളരെ കൂടിയതും മദനിക്ക് നീതി നിഷേധിക്കുന്നതിന് തുല്യവുമാണെന്നും കത്തില്‍ പിണറായി ചൂണ്ടിക്കാട്ടുന്നു. മദനിക്ക് ജാമ്യം കിട്ടുന്നത് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയിക്കണം.

കേരളത്തിനകത്തെ സുരക്ഷാചുമതല സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന സാഹചര്യത്തില്‍ കര്‍ണാടക പൊലീസിന് അധികം ചെലവു വരില്ല. അതിനാല്‍ ബെംഗളൂരു പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ട തുക കുറച്ചു നല്‍കണമെന്നും സുപ്രീം കോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് മദനിക്ക് മാതാപിതാക്കളെ സന്ദര്‍ശിക്കാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അവസരം നല്‍കണമെന്നും മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിനോട് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top