പോലീസിനെ കണ്ട് പേടിച്ചോടിയ യുവാവിന്റെ മൃതദേഹം രണ്ട് ദിവസത്തിനുശേഷം കിണറ്റില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കാഞ്ഞിരത്തറ വീട്ടില്‍ ബാബുവിന്റെ മകന് സജി(19)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ മാരാര്റോഡിലെ ഉപയോഗിക്കാതെ കിടന്ന കിണറ്റിലാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.
സ്വകാര്യ കമ്പനിയുടെ പരസ്യനോട്ടീസുകള്‍ വിതരണം ചെയ്യുന്നതിനായാണ് സജിന്‍ തൃശ്ശൂരില്‍ എത്തിയത്. സുഹൃത്തുമൊത്ത് തിങ്കളാഴ്ച രാത്രി കുറുപ്പം റോഡില്‍ നില്ക്കുമ്പോള് ഇവിടെയുണ്ടായിരുന്ന ഭിന്നലിംഗക്കാര്‍ തമ്മില്‍ തര്‍ക്കം നടന്നു. തുടര്‍ന്ന് വഴിയാത്രക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി. പോലീസിനെ കണ്ട് സജിന്‍ ഭയന്ന് ഓടിയെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്.
സജിനെ കാണാനില്ലെന്നു കാണിച്ച് ഈസ്റ്റ് സ്റ്റേഷനില്‍ ചൊവ്വാഴ്ച പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇടുങ്ങിയ വഴിയിലുള്ള കിണറ്റിലാണ് സജിന്‍ വീണത്. സജിന്‍ ഓടുന്നത് ഇവിടത്തെ ഒരു സ്ഥാപനത്തിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞതായി കണ്ടെത്തിയിരുന്നു.
രാത്രി പന്ത്രണ്ടുമണിക്കുശേഷം കുറുപ്പം റോഡില്‍ നില്ക്കുന്ന സമയത്താണ് പോലീസ് വാഹനം കണ്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു.