വെനസ്വേലയ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. ഉപരോധമേര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രസ്താവനയെ പുച്ഛിച്ച് തള്ളുന്നുവെന്ന് മഡുറോ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളെ മുഖവിലക്കെടുക്കുന്നില്ലെന്നും മഡുറോ വ്യക്തമാക്കി.
വെനസ്വേലയിലെ ജനങ്ങള്‍ രാജ്യത്തിനും രാജ്യത്തെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമൊപ്പവുമാണെന്നും പറഞ്ഞ മഡുറോ ദേശീയ ഭരണഘടനാ അസംബ്ലി പിരിച്ചുവിടണമെന്ന അമേരിക്കന്‍ വാദത്തെയും കണക്കറ്റ് വിമര്‍ശിച്ചു. ജനഹിതം രേഖപ്പെടുത്തപ്പെട്ടത് ലോകമാകെ കണ്ടതാണെന്നും താന്‍ മറ്റ് വിദേശ ശക്തികളുടെ നിര്‍ദേശങ്ങള്‍ ചെവിക്കൊള്ളാറില്ലെന്നും മഡുറോ വ്യക്തമാക്കി.
ഞായറാഴ്ചയാണ് വെനസ്വേലയിലെ 545 അംഗ ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടി മഡുറോയുടെ പാര്‍ട്ടി വന്‍ വിജയം കരസ്ഥമാക്കിയിരുന്നു. തെരഞ്ഞെടുപ്പു ദിനത്തിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ10പേര് കൊല്ലപ്പെടുകയും ചെയ്തു.