തൃശ്ശൂര്‍: നഷ്ടപ്പെട്ട പൂച്ചയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 3,000 രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് കുടുംബം.പാലക്കാട് ഓങ്ങല്ലൂരിലുള്ള ചിന്നു എന്ന നാടന്‍ പൂച്ചയെയാണ് കാണാതായത്. തൃശ്ശൂര്‍ മണ്ണുത്തിയില്‍ ശസ്ത്രക്രിയക്ക് കൊണ്ടുവന്നപ്പോഴാണ് കാണാതായത്.
പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്കായാണ് ചിന്നുവിനെ മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാലാ കേന്ദ്രത്തില്‍ എത്തിച്ചത്. സന്തോഷ്കുമാറും ഭാര്യ മഞ്ജുഷയുമാണ് ചിന്നുവുമായി വെറ്റിവറി സര്‍വകലാശാലയില്‍ എത്തിയത്. ഡിസംബര്‍ 22-ന് രാവിലെ പത്തരയ്ക്ക് എത്തിച്ച പൂച്ചയെ പെട്ടെന്ന് കാണാതായി.
അന്ന് മുഴുവനും പിന്നീട് ഏതാനും ദിവസവും മണ്ണുത്തി മേഖലയില്‍ ദമ്ബതിമാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് സാമൂഹികമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയത്. വെള്ളയും തവിട്ടും ഇടകലര്‍ന്ന നിറമാണ്. കണ്ടുകിട്ടുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
ഒരു വര്‍ഷം മുൻപാണ് ചിന്നുവിനെ ഇവര്‍ക്ക് കിട്ടിയത്. വീട്ടുവളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. രണ്ടുമാസം മുന്‍പ് മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ചിന്നു ജന്മം നല്കി. വീട്ടിലിപ്പോള്‍ 10 പൂച്ചകളുണ്ട്. ഇതോടെയാണ് പ്രസവം നിര്‍ത്തുന്ന ശസ്ത്രക്രിയയ്ക്കായി മണ്ണുത്തിയിലെ ആശുപത്രിയിലെത്തിച്ചത്.